ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന് ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..

ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന് ഡല്‍ഹി പോലീസിന്റെ പിടിയിലായി. ഡല്‍ഹി ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് വ്യാപകമായ തട്ടിപ്പുകള്‍ക്ക് ഒടുവില്‍ അറസ്റ്റിലായത്. പ്രമുഖ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് ആസൂത്രിതമായി നടത്തിയ ഈ തട്ടിപ്പ് രീതി ചര്‍ച്ചയായിരിക്കുകയാണ്. ആഡംബര റസ്റ്റോറന്റുകളിലെ ചിത്രങ്ങളും മുന്തിയ ഇനം കാറുകളുടെ ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് വിക്രാന്ത് താനൊരു വലിയ വ്യവസായിയാണെന്ന് വരുത്തിതീര്‍ത്തത്.
ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരെയാണ് ഇയാള്‍ തന്റെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തിരുന്നത്.ആഡംബര ജീവിതം നയിക്കുന്ന മാന്യനായ വ്യക്തിയാണെന്ന് വിശ്വസിപ്പിച്ച് യുവതികളെ ഇയാള്‍ എളുപ്പത്തില്‍ കയ്യിലെടുക്കുകയായിരുന്നു.തന്റെ അവകാശവാദങ്ങള്‍ ഇരകളെ വിശ്വസിപ്പിക്കുന്നതിനായി മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് ഇയാള്‍ വനിതാ പൊലീസുകാരെ പുറത്തുകൊണ്ടുപോയി. ഇങ്ങനെ ആഡംബര കാറുകളില്‍ കറങ്ങിയും മികച്ച റെസ്റ്റോറന്റുകളില്‍ കൊണ്ടുപോയും യുവതികളുടെ വിശ്വാസ്യത പൂര്‍ണ്ണമായി പിടിച്ചുപറ്റിയ ശേഷമായിരുന്നു
വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടാന്‍ തുടങ്ങിയത്. വിവാഹ വാഗ്ദാനം കൂടി നല്‍കിയതോടെ പലരും ഇയാളുടെ കെണിയില്‍ പൂര്‍ണ്ണമായി വീഴുകയായിരുന്നു.കരോള്‍ബാഗ് പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ നല്കിയ പരാതിയാണ് ഈ ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് സമാനമായ രീതിയില്‍ ഇതേ ബാച്ചിലെ നിരവധി വനിതാ പൊലീസുകാര്‍ ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ സമൂഹത്തിലുള്ള നാണക്കേടും അപമാന ഭയവും കാരണം ഇരകളായ പലരും ഔദ്യോഗികമായി പരാതി നല്കാന് ഇനിയും തയ്യാറായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ തട്ടിപ്പുകള്‍ക്ക് പിന്നില്‍ വലിയൊരു ആസൂത്രണം തന്നെ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിക്രാന്ത് തോമറുമായി ലിവ്-ഇന്‍ ബന്ധത്തില്‍ കഴിയുന്ന പങ്കാളിയും ഡല്‍ഹി പൊലീസിലെ ഒരു വനിതാ കോണ്സ്റ്റബിളാണെന്നതാണ് ഏറ്റവും ആശ്ചര്യകരമായ വിവരം. തന്റെ പങ്കാളിയുടെ ബാച്ചിലുള്ള സുഹൃത്തുക്കളെക്കുറിച്ചുള്ള വ്യക്തിവിവരങ്ങളും ഔദ്യോഗിക വിവരങ്ങളും കൃത്യമായി ചോര്‍ത്തിയാണ് ഇയാള്‍ മറ്റ് ഇരകളെ കണ്ടെത്തിയിരുന്നത്.യുവതികളില്‍ നിന്ന് പല ഘട്ടങ്ങളിലായി തട്ടിയെടുത്ത ഏകദേശം 24 ലക്ഷത്തോളം രൂപയും പ്രതി ധൂര്‍ത്തടിച്ചതും ഓണ്‍ലൈന്‍ ബെറ്റിങ്ങിനായാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha


























