കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

കശ്മീരിൽ ഭീകരവേട്ടയ്ക്ക് നിർണായക വഴിത്തിരിവ്. ലഷ്കർ ഇ ത്വയ്ബയുടെ കശ്മീർ താഴ്‌വരയിലെ അവസാനത്തെ സജീവ പ്രാദേശിക ഭീകരനെന്ന് സുരക്ഷാസേന വിശേഷിപ്പിച്ച ലത്തീഫ് ഭട്ടിനെ ഏറ്റുമുട്ടലിൽ വധിച്ചു. കുൽഗാമിൽ നടന്ന സംയുക്ത സൈനിക നീക്കത്തിനൊടുവിലാണ് ലത്തീഫ് ഭട്ടിന്റെ അന്ത്യം. ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി.
കഴിഞ്ഞ നവംബർ 11ന് കുൽഗാമിലെ അഖ്‌റാൻ മേഖലയിൽ സിആർപിഎഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടും കൂട്ടാളി ഉമർ നിസാർ ദറും ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തുടർന്ന് നടത്തിയ തിരച്ചിലിനിടെ നവംബർ 16ന് നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ കൊല്ലപ്പെട്ടു. എന്നാൽ ലത്തീഫ് ഭട്ട് അന്ന് രക്ഷപ്പെട്ടു.
പിന്നീട് സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. ഒടുവിൽ കുൽഗാമിലെ സങ്കൽപോറ ഗ്രാമത്തിൽ ലത്തീഫിനെ വളഞ്ഞു. ദേവ്സർ മേഖലയിലെ ഓപ്പറേഷനിടെ ഇയാൾ ഒരു പള്ളിക്കുള്ളിൽ അഭയം തേടുകയായിരുന്നു. കീഴടങ്ങാൻ സുരക്ഷാസേന പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പള്ളിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തിയാണ് സേന നീക്കം നടത്തിയത്. ഒടുവിൽ ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.
ജമ്മു കശ്മീർ പൊലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ ഏകോപിത പ്രവർത്തനമാണ് ഓപ്പറേഷൻ വിജയത്തിലെത്തിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ധീരജവാന്മാരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























