സുഷമ സ്വരാജിന്റെ ട്വീറ്റ് ഫലം കണ്ടു, റഷ്യക്കാരിയെ ഭര്‍തൃമാതാവ് തിരികെ വിളിച്ചു
വിദേശിയായതിന്റെ പേരിലും സ്ത്രീധനം നല്‍കാത്തതിന്റെ പേരിലും ആഗ്രയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഭര്‍തൃമാതാവ് പുറത്താക്കിയെന്ന് ആരോപിച്ച് നിരാഹാര സമരമിരുന്ന റഷ്യക്കാരിയെ ഭര്‍തൃമാതാവ് തിരികെ വിളിച്ചു. സംഭവം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് ചെയ്ത ട്വീറ്റാണ് നിര്‍ണായക വഴിത്തിരിവായത്. ഇതേ തുടര്‍ന്ന് അഖിലേഷ് വിഷയത്തില്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
ഒള്‍ഗ എഫിമെന്കോവ എന്ന റഷ്യന്‍ യുവതി പിഞ്ചുകുഞ്ഞിനെയും കൂട്ടി ആഗ്രയിലെ ഭര്‍തൃഗൃഹത്തിന്റെ പടിവാതിക്കല്‍ അനിശ്ചിതകാല നിരാഹാര സമരമിരുന്നത് ഇന്നലെയാണ്. ഈ വിവരം അഖിലേഷിനെ ട്വിറ്റര്‍ വഴി സുഷമ അറിയിച്ചു കഴിഞ്ഞപ്പോള്‍ പ്രശ്നത്തിന് പരിഹാരം കണ്ടു എന്ന് അറിയിച്ചു കൊണ്ട, ഭര്‍തൃമാതാവ് നിര്‍മ്മല ചന്ദലിനൊപ്പം നില്ക്കുന്ന എഫിമെന്കോവയുടെയും മകളുടെയും ചിത്രം അഖിലേഷിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
ആഗ്ര സ്വദേശി വിക്രാന്ത് സിംഗും ചന്ദലും എഫിമെന്കോവയും തമ്മിലുള്ള വിവാഹം 2011-ലാണ് നടന്നത്. വിദേശിയായതിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും എഫിമെന്കോവയെ ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് എഫിമെന്കോവ പറഞ്ഞിരുന്നത്. ഈ വാദത്തെ വിക്രാന്ത് ശരിവെക്കുകയും ചെയ്തിരുന്നു. മാതാവ് തന്നോട് 11 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പണം നല്കാന് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് വീട്ടില്‍ നിന്നും തങ്ങളെ മാതാവ് പുറത്താക്കുകയായിരുന്നുവെന്നും വിക്രാന്ത് പറഞ്ഞിരുന്നു. എന്നാല്‍ മകനും മരുമകളും തന്റെ കാര്യങ്ങള്‍ നോക്കാറില്ലെന്നും തന്റെ പണം തട്ടിയെടുക്കാറുണ്ടെന്നുമായിരുന്നു നിര്‍മ്മലയുടെ എതിര്‍വാദം.
https://www.facebook.com/Malayalivartha