വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ല

വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ലെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സി.ഐ.സി). വിവിധ മാധ്യമങ്ങള്‍ മുഖേന ഇക്കാര്യം സര്‍ക്കാരും വിവാഹ രജിസ്‌ട്രേഷന്‍ അധികൃതരും പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ പ്രൊഫ.എം. ശ്രീധര്‍ ആചാര്യലു ആവശ്യപ്പെട്ടു. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹരജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങളില്‍ വേഗം മാറ്റം വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വിവാഹരജിസ്‌ട്രേഷന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതാകണമെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന വിധത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിവരാവകാശ കമ്മിഷണര്‍ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശവും അഭിമാനവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വിവാഹ രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചില പ്രത്യേക കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നു സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെങ്കിലും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാളും പ്രയാസപ്പെടരുതെന്ന 2013ലെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവും വിവരാവകാശ കമ്മിഷനര്‍ ചൂണ്ടിക്കാട്ടി.
ബാലവിവാഹം, സമ്മതമില്ലാതെയുള്ള വിവാഹം, വിവാഹത്തട്ടിപ്പുകള്‍ എന്നിവ തടയാനാണ് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണമെന്നാണു വ്യവസ്ഥ. ഓണ്‍ലൈന്‍ അപേക്ഷയ്ക്കു മറ്റേതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ് നമ്പര്‍ നല്‍കാനുള്ള അവസരവുമില്ല.
https://www.facebook.com/Malayalivartha


























