ട്വിറ്റര്‍ പരിഹാസം ആദ്യം വേദനിപ്പിച്ചെങ്കിലും പിന്നെ തുണയായി. പോലീസുകാരന്‍ വണ്ണം കുറയ്ക്കാന്‍ മുംബൈയിലേയ്ക്ക്

അമിതവണ്ണമായതിന്റെ പേരില്‍ എഴുത്തുകാരി ശോഭ ഡേ ട്വിറ്ററിലൂടെ നടത്തിയ പരിഹാസ പരാമര്‍ശത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ദൗലത് റാം വിദഗ്ധ ചികില്‍സയ്ക്കായി മധ്യപ്രദേശില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ടു. പരിഹാസപാത്രമായത് മനസ്സിനെ ആദ്യം വേദനിപ്പിച്ചെങ്കിലും ട്വിറ്റര്‍ ചര്‍ച്ചകള്‍ വളരെയധികം ഉപകാരപ്പെട്ടെന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മധ്യപ്രദേശിലെ പൊലീസ് ഇന്‍സ്‌പെക്ടറായ ദൗലത് റാം ജോഗേവാഡ് (58).
ഇക്കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനിടെയാണ് പൊലീസുകാരന്റെ അമിതവണ്ണത്തെ കുറിച്ച് ശോഭ ഡേ ചിത്രം സഹിതം ട്വിറ്ററിലൂടെ പരിഹസിച്ചത്. മുംബൈ പൊലീസ് സേനാംഗമാണെന്ന ധാരണയിലായിരുന്നു ഇത്. പ്രതിഷേധം കനത്തതോടെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു ഡേ തിരുത്തി. 1993ലെ പിത്താശയ ശസ്ത്രക്രിയയെ തുടര്‍ന്നാണു തടി കൂടിയതെന്നു ദൗലത് റാം പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ സൗജന്യ ചികില്‍സാ വാഗ്ദാനങ്ങളുമായി പല ആശുപത്രികളും രംഗത്തെത്തി. മുംബൈയിലെ സെന്റര്‍ ഫോര്‍ ഒബിസിറ്റി ആന്‍ഡ് ഡൈജസ്റ്റീവ് സര്‍ജറി എന്ന സ്ഥാപനത്തിന്റെ പ്രതിനിധി കഴിഞ്ഞ ദിവസം ദൗലത് റാമിനെ സന്ദര്‍ശിച്ചാണു മുംബൈയിലേക്കു ക്ഷണിച്ചത്.
അതിനിടെ, ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഈജിപ്തില്‍നിന്നു മുംബൈയിലെത്തിച്ച, 500 കിലോഗ്രാം ഭാരമുള്ള യുവതിയുടെ ഭാരം രണ്ടാഴ്ചകൊണ്ട് 50 കിലോഗ്രാം കുറഞ്ഞു. ഇമാന്‍ അഹമ്മദ് (37) ചികില്‍സയോടു നല്ല രീതിയില്‍ പ്രതികരിക്കുന്നതായി ദക്ഷിണ മുംബൈയിലെ സൈഫി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇമാനു വണ്ണം കുറഞ്ഞതു പോലെ തനിക്കും വണ്ണം കുറയുമെന്ന പ്രതീക്ഷയിലാണ് ദൗലത്.
https://www.facebook.com/Malayalivartha


























