സ്ത്രീധനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒടുവില്‍ അവരെത്തി

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്നിരിക്കെ അത് വാങ്ങുന്ന നട്ടെല്ലില്ലാത്ത പുരുഷന്മാര്‍ക്കും അതിന് പ്രോത്സാഹിപ്പിക്കുന്ന വരന്റെ വീട്ടുകാര്‍ക്കും ഒരു താക്കീതാണ് ഈ വാര്‍ത്ത. വര്‍ഷങ്ങളായി സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച 800 കുടുംബങ്ങളാണ് സ്ത്രീധനം പെണ്‍വീട്ടുകാര്‍ക്ക് തിരിച്ച് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ മുസ്ലിം കുടുംബങ്ങളാണ് സ്ത്രീധനത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇറങ്ങിയത്. ഒരു വര്‍ഷം കൊണ്ട് 800 കുടുംബങ്ങളാണ് ഇത്തരത്തില്‍ സ്ത്രീധനം തിരിച്ച് നല്‍കിയത്. ഇത് മൊത്തം ആറ് കോടി രൂപയോളം വരുമെന്നാണ് കണക്ക്.
പോഖാരി ഗ്രാമവാസിയായ ഹാജി മുംതാജ് അലിയാണ് ഈ സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് 2016 ഏപ്രിലില്‍ യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു. ഹാജിയുടെ ആശയത്തിന് നൂറു ശതമാനം പിന്തുണ നല്‍കി യുവാക്കളും മുന്നോട്ട് വന്നതോടെ പരിപാടി വന്‍ വിജയമായി. സ്ത്രീധനമില്ലാതെയാണ് ഇപ്പോള്‍ വിവാഹം നടക്കുന്നതെന്ന് പറഞ്ഞ ഹാജി അലി സ്ത്രീധനം വാങ്ങുന്നവരുടെ നിക്കാഹിന് മൗലവിമാരും മറ്റ് പണ്ഡിതന്മാരും പങ്കെടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരെ ബാധിച്ചിരിക്കുന്ന കാന്‍സറാണ് സ്ത്രീധനം. പണ്ട് ഇല്ലാതിരുന്ന ഈ മാമൂല്‍ ഇപ്പോള്‍ വിവാഹത്തിന്റെ ഭാഗമായിരിക്കുകയാണെന്നും പരിശുദ്ധമായ വിവാഹത്തിന്റെ പവിത്രത സ്ത്രീധനം വാങ്ങുന്നതിലൂടെ ഇല്ലാതാകുന്നുവെന്നും ഹാജി മുംതാജ് അലി വ്യക്താമാക്കി. മാര്‍ച്ച് ഏഴിന് ഡാല്‍തോങ്കഞ്ചില്‍ മറ്റൊരു യോഗം കൂടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംരംഭം മറ്റുള്ളപ്രദേശത്തേക്കും വ്യാപിക്കണമെന്ന ഹാജി മുംതാജ് അലിയുടേയും അദ്ദേത്തിന്റെ അനുയായികളുടെയും ആഗ്രഹ സഫലീകരണത്തിന്റെ ആദ്യ യോഗമായിരിക്കും മാര്‍ച്ച് ഏഴിന് നടക്കുക.
https://www.facebook.com/Malayalivartha


























