യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിവച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് സൈന്യം

സൈനിക ജീപ്പിന് മുന്നില്‍ കാശ്മീരി യുവാവിനെ കെട്ടിവെച്ച് യാത്ര ചെയ്തതിനെ സൈന്യം ന്യായീകരിച്ചു. കല്ലേറ് നിയന്ത്രണാതീതമായിരുന്നെന്നും ഡു ഓര്‍ ഡൈ അവസ്ഥയാണ് നേരിടേണ്ടിവന്നിരുന്നതെന്നും സൈന്യം പറഞ്ഞു. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ സൈന്യത്തിന്റെ വാഹനത്തിന് നേരെ ശക്തമായ കല്ലേറാണ് നടത്തിയത്. ബഡ്ഗാമിലെ ഖാഗില്‍ സിതാഹരാന്‍ ഗ്രാമത്തിലെ ഫാറൂഖ് ദാര്‍ എന്ന യുവാവിനെയാണ് കല്ലേറ് ചെറുക്കാനായി സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത്.
എന്നാല്‍ താന്‍ കല്ലേറ് നടത്തുന്നവരില്‍ അംഗമായിരുന്നില്ലെന്നും വോട്ട് ചെയ്ത് സഹോദരിയുടെ വീട്ടിലേക്ക് പോകവേ സൈന്യം ജീപ്പില്‍ കെട്ടിയിടുകയായിരുന്നു ഫാറൂഖ് പറഞ്ഞു. ഫാറൂഖിനെ കെട്ടിയിട്ട് യാത്ര ചെയ്തതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഞെട്ടിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 9ന് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സൈനികരെ യുവാക്കള്‍ മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























