ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികനെ വധിക്കുന്നതിനു മുമ്പ് ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്

ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികനെ വധിക്കുന്നതിനുമുന്‍പു ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. മാരകമായി മര്‍ദിച്ചതിന്റെ ഫലമായി ശരീരത്തില്‍ നിരവധി പരുക്കുകളുണ്ടായിരുന്നു. താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളും കണ്ടെത്തി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലഫ്. ഉമര്‍ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ഗ്രാമത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിയാനില്‍ ഇന്നു രാവിലെയാണ് ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആയുധധാരികളായ മൂന്നുപേര്‍ ചേര്‍ന്ന് വിവാഹച്ചടങ്ങുകള്‍ക്കിടയില്‍നിന്നു ചൊവ്വാ രാത്രി പത്തുമണിയോടെയാണ് ഫയാസിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇയാളെ ഭീകരര്‍ വിട്ടയയ്ക്കുമെന്നു കരുതി കുടുംബം വിവരം പൊലീസിനെ അറിയിക്കാന്‍ വൈകി.
അഞ്ച് മാസങ്ങള്‍ക്കു മുന്‍പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. സൈനിക ജീവിതത്തിലെ ആദ്യത്തെ അവധിക്കു വന്നതായിരുന്നു രജപുത്ര റൈഫിള്‍സില്‍ സേവനമനുഷ്ഠിച്ചിരുന്ന ലഫ്. ഉമര്‍ ഫയാസ്. ജൂണ്‍ എട്ടിന് 23 വയസ്സ് തികയുന്ന ഫയാസിന് ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്. ഡെഹ്‌റാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും പുണെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലുമായിരുന്നു പരിശീലനം.
https://www.facebook.com/Malayalivartha

























