എസ്.പി. നേതാവിന്റെ അനന്തരവന്‍ സബ് ഇന്‍സ്‌പെക്ടറുടെ കരണത്തടിച്ചു

സമാജ് വാദി പാര്‍ട്ടി നേതാവ് രമേശ് യാദവിന്റെ അനന്തരവന്‍ പോലീസുകാരന്റെ കരണത്തടിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ ഇറ്റാവയിലാണു സംഭവം. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്ത മോഹിത് യാദവാണു പരാക്രമം കാണിച്ചത്. അമ്മാവന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായതിനാല്‍ തനിക്കു സ്‌റ്റേഷനില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ടാണു മോഹിത് യാദവ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിന്റെ കരണത്തടിച്ചത്. പോലീസുകാരെത്തിയാണു മോഹിതിനെ പിടിച്ചു മാറ്റിയത്.
മോഹിത് അവരില്‍ ഒരാളുടെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.
രണ്ടുമാസം മുമ്പാണ് സമാജ് വാദി പാര്‍ട്ടിയെ പുറത്താക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയത്. 24 വയസുകാരനായ മോഹിത് യാദവിന്റെ പിതാവ് ആയുധ വ്യാപാരിയാണ്. ചൊവ്വാഴ്ച രാവിലെ ഒരു ബന്ധുവുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മോഹിത് അദ്ദേഹത്തിന് വി.ഐ.പി. പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്രമം തെറ്റിച്ച് എക്‌സ് റേ പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന ലാബ് ടെക്‌നീഷ്യനെയും ഡോക്ടറെയും മോഹിത് മര്‍ദിച്ചു. തുടര്‍ന്നാണു പോലീസെത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്. മോഹിത് യാദവ് മദ്യപിച്ചിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണു ബി.ജെ.പിക്കാരനായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം മഹേന്ദ്ര യാദവ് ടോള്‍ ബൂത്തില്‍ അതിക്രമം കാണിച്ചത്. ടോള്‍ നല്‍കാതെ വാഹനം കടത്തിവിടില്ലെന്ന ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെയാണു മഹേന്ദ്ര യാദവ് അതിക്രമം കാണിച്ചത്.
https://www.facebook.com/Malayalivartha

























