പാകിസ്ഥാന്‍ വധിച്ച ജവാന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിന് വി.ഐ.പി സൗകര്യങ്ങള്‍ ഒരുക്കിയത് വന്‍ വിവാദത്തില്‍

പാകിസ്ഥാന്‍ വധിച്ച ബി.എസ്.എഫ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി.ഐ.പി സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദമാകുന്നു. പാകിസ്താന്‍ സൈന്യം കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയ പ്രേംസാഗറിന്റെ ഡിയോറിയയിലെ വീട്ടിലെ സന്ദര്‍ശനമാണ് വിവാദമായത്.
'അവര്‍ എസി കൊണ്ടുവച്ചു. ഒരു സോഫാ സെറ്റും വലിയ കാര്‍പെറ്റും വീട്ടില്‍ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാന്‍ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോള്‍ തന്നെ എല്ലാം അവര്‍ കൊണ്ടുപോവുകയും ചെയ്തു. നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു' വീരമൃത്യുവരിച്ച ജവാന്റെ സഹോദരന്‍ ദയാശങ്കര്‍ പറഞ്ഞു. ഇദ്ദേഹവും ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ആണ്.
മുളവടിയില്‍ നിര്‍ത്തിയാണ് എസി താല്‍ക്കാലികമായി സ്ഥാപിച്ചത്. ഏതാണ്ട് 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടില്‍ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്‌തെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന ഉറപ്പും.
ബിഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന പ്രേം സാഗര്‍ മേയ് ഒന്നിനാണ് പൂഞ്ചില്‍ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പാക്ക് സൈന്യം വികൃതമാക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ സൈനികനോടും സമാനമായ ക്രൂരത പാക്ക് സൈന്യം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























