വിശന്നുവലഞ്ഞ മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ 20 രൂപ ചോദിച്ച നിമിഷം യുവതിയെ തലാഖ് ചൊല്ലി വീടിനു പുറത്താക്കി

വിശന്നുവലഞ്ഞ മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ 20 രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ രണ്ടു കുട്ടികളുടെ അമ്മയെ ഭര്‍ത്താവ് തലാഖ് ചൊല്ലി വീടിനു പുറത്താക്കി. ഉത്തര്‍പ്രദേശ് ഫിറോസാബാദിലെ റസുല്‍പൂരിലാണ് സംഭവം. ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്താക്കിയ ഷാസിയ എന്ന യുവതി ഇപ്പോള്‍ അയല്‍വീട്ടുകാരുടെ സംരക്ഷണയിലാണ് കഴിയുന്നത്.
അഞ്ചു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ മാതാപിതാക്കള്‍ ഇവരുടെ വിവാഹത്തിനു പിന്നാലെ മരണമടഞ്ഞു. രണ്ടു കുട്ടികളുണ്ടായശേഷം ഭര്‍ത്താവ് ഷാസിയയെ മര്‍ദ്ദിക്കുന്നതു പതിവായിരുന്നു. അടുത്തിടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായി. ഇതിനൊപ്പം മര്‍ദ്ദനം കൂടിയായതോടെ യുവതി ജീവനൊടുക്കാന്‍ വീടുവിട്ടെങ്കിലും ഒരു പോലീസുകാരന്‍ രക്ഷപ്പെടുത്തി. ഇതിനുശേഷവും ഭര്‍ത്താവിന്റെ മര്‍ദ്ദനം തുടര്‍ന്നു.
ശനിയാഴ്ച മക്കള്‍ക്കു ഭക്ഷണം വാങ്ങാനായി 20 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നാലെ മുത്തലാഖ് ചൊല്ലി വീടിനു പുറത്താക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ഷാസിയ പോലീസില്‍ സഹായം തേടിയെങ്കിലും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചിട്ടില്ലെന്നാണ് സംഭവത്തില്‍ പോലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha

























