ജയ്പൂരില്‍ മലയാളി എന്‍ജീനിയറെ ഭാര്യാവീട്ടുകാര്‍ വെടിവച്ചു കൊന്നു; ദുരഭിമാന കൊലയെന്നു സംശയമുള്ളതായി പോലീസ്

രാജസ്ഥാനില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ യുവാവിനെ ബന്ധുക്കളുടെയും ഗര്‍ഭിണിയായ ഭാര്യയുടെയും മുന്നില്‍ വച്ച് വെടിവച്ച് കൊന്നു. അടൂര്‍ മണ്ണടിയില്‍ നീലാണി അഴികത്ത് വടക്കേക്കട പുത്തന്‍ വീട്ടില്‍ പരേതനായ സോമന്‍പിള്ളയുടെ മകന്‍ അമിത് നായര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം വന്ന അജ്ഞാതനാണ് വെടിവച്ചത്. ഇയാള്‍ വാടകകൊലയാളിയാണോ എന്ന് സംശയമുണ്ട്. ദുരഭിമാനക്കൊലയാണെന്ന് കരുതുന്നു.
ജയ്പൂരിലെ കരണി വിഹാറിലെ ജഗദംബ കോളനിയിലെ വീട്ടില്‍ ഇന്നലെ രാവിലെ എട്ടു മണിക്കാണ് കൊല നടന്നത്. അമിതും ഭാര്യ മമത ചൗധരിയും രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ചാണ് വിവാഹിതരായത്. ജാതിയുടെ പേരില്‍ മമതയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിരായിരുന്നുവെന്ന് അമിതിന്റെ കൂട്ടുകാര്‍ പറയുന്നു
ബുധനാഴ്ച രാവിലെ അജ്ഞാതനൊപ്പം വീട്ടിലെത്തിയ മമതയുടെ മാതാപിതാക്കള്‍ അമിതിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അമിത് മുറിയില്‍ ഉറക്കത്തിലായിരുന്നു. മമത വിളിച്ചുണര്‍ത്തി തന്റെ മാതാപിതാക്കള്‍ എത്തിയ കാര്യം അറിയിച്ചു.
ഉറക്കത്തില്‍ നിന്ന് ചാടിഎഴുന്നേറ്റ് വന്ന അമിത് ഭാര്യയുടെ മാതാപിതാക്കളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ മമത ഉടന്‍ തങ്ങള്‍ക്കൊപ്പം പോരണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച മമതയെ അവര്‍ മുടിക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചു. മമത നിലവിളിച്ചു കൊണ്ട് കുതറി മാറാന്‍ ശ്രമിച്ചു.
പെട്ടെന്ന് തന്നെ അജ്ഞാതന്‍ അമിതിനെ വെടിവയ്ക്കുകയായിരുന്നു. നാല് വെടിയുണ്ടകള്‍ ഏറ്റ അമിത് കുഴഞ്ഞു വീണു. മമതയുടെ മാതാപിതാക്കളും അജ്ഞാതനും പൊടുന്നനെ കാറില്‍ കയറി സ്ഥലം വിട്ടു.
രക്തം വാര്‍ന്നൊഴുകിയ അമിതിനെ ബന്ധുക്കള്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എഞ്ചിനീയറിംഗ് ബിരുദധാരിയായ അമിത് ജയ്പൂരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അമിതിന്റെ കുടുംബം 40 വര്‍ഷമായി ജയ്പൂരില്‍ സ്ഥിര താമസവുമാണ്.
https://www.facebook.com/Malayalivartha
























