ആറാം ഘട്ട തിരഞ്ഞെടുപ്പ്: 117 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 117 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. പുതുച്ചേരിയിലെ ഒരു സീറ്റിലുള്‍പ്പടെ തമിഴകത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. പൊരിഞ്ഞ ബഹുകോണ മത്സരത്തിനിടയിലും മുഖ്യ പോരാളികള്‍ പരമ്പരാഗത വൈരികളായ എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും തന്നെ. എ.ഐ.എ.ഡി.എം.കെ. തനിച്ച് 40 സീറ്റിലും പോരാടുമ്പോള്‍ ചെറിയ പാര്‍ട്ടികള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ഡി.എം.കെ. 35 സീറ്റില്‍ മത്സരിക്കുന്നു. ഇതാദ്യമായാണ് ഇരു ദ്രാവിഡ പാര്‍ട്ടികളും ഒരു ദേശീയ പാര്‍ട്ടിയുടെയും കൂട്ടില്ലാതെ കളത്തിലിറങ്ങുന്നത്. ഡി.എം.ഡി.കെ., പി.എം.കെ., എം.ഡി.എം.കെ., കൊങ്കുനാട് മക്കള്‍ ദേശീയകക്ഷി, ഇന്ത്യന്‍ ജനനായക കക്ഷി എന്നീ പാര്‍ട്ടികളടങ്ങിയ വിശാല മുന്നണിയുമായാണ് ബി.ജെ.പി. ഭാഗ്യം പരീക്ഷിക്കുന്നത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും സ്വന്തം നിലയ്ക്കും ഗോദയിലുണ്ട്.
ബിഹാറിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നു. സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച്, കത്തിഹാര്‍, പുര്‍ണിയ, ഭാഗല്‍പുര്‍, ബാങ്ക എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
പശ്ചിമബംഗാളില്‍ രണ്ടാംഘട്ടത്തില്‍ ഇന്ന് ആറ് സീറ്റുകളിലാണ് പോളിങ്. റായ്ഗഞ്ച്, മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍, ജാംഗിപ്പുര്‍, മുര്‍ഷിദാബാദ്, ബാലൂര്‍ഗഢ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളാണിവ. ആര്‍.എസ്.പി. സ്ഥാനാര്‍ഥി വിജയിച്ച ബാലൂര്‍ഗഢ് ഒഴിച്ചാല്‍ മറ്റു മണ്ഡലങ്ങളെല്ലാം കഴിഞ്ഞതവണ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജയിച്ചവയാണ്. ഇന്നത്തോട് കൂടി 543 അംഗ ലോക്‌സഭയിലേക്ക് 349 സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
https://www.facebook.com/Malayalivartha
























