'എന്റെ കുഴിമാടത്തിലെ ആദ്യ രാത്രിയില്‍ എന്തുസംഭവിക്കും'; കൊല്ലപ്പെട്ട പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

'കുഴിമാടത്തിനുള്ളിലാണെന്ന് സങ്കല്‍പ്പിക്കുക, ആ ഇരുണ്ട ഗുഹയ്ക്കുള്ളില്‍ നിങ്ങളൊറ്റയ്ക്ക്…' എന്നെഴുതിയത് അനന്ത്‌നാഗില്‍ കൊല്ലപ്പെട്ട പൊലീസുകാരിലൊരാളായ പുല്‍വാമ സ്വദേശി ഫിറോസ് അഹമ്മദാണ്. എന്നും മരണത്തെപ്പറ്റിയും സമാധാനത്തെപ്പറ്റിയുംമാത്രം സംസാരിച്ച ഫിറോസ് മരിച്ചശേഷം ഈ കവിത കാഷ്മീരില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഫിറോസിന്റെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിതകളാകും പ്രിയപ്പെട്ടവരെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിട്ടുണ്ടാവുക. 'ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ചുനേരം നിസ്‌കരിക്കുന്ന യഥാര്‍ഥ മുസഌമാണ്' എന്ന് ഫിറോസിന്റെ സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭീകരവാദത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടിയായി മാറുകയാണ് സുഹൃത്തുക്കളുടെ ഈ പരാമര്‍ശം.
'എന്നാണ് കശ്മീര്‍ സാധാരണനിലയിലേക്കെത്തുക…' അദ്ദേഹം ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീരിനെ സമാധാനത്തിലേക്കെത്തിക്കാനുള്ള പോരാട്ടമായി തന്റെ ജോലിയെ ഉപയോഗിച്ചു. ദോഗ്രിപോറ ഗ്രാമവാസികള്‍ ആര്‍ക്കുവേണ്ടിയും ഇത്ര കണ്ണീരൊഴുക്കിയിട്ടുണ്ടാകില്ല. ഗ്രാമം മുഴുവന്‍ ഫിറോസിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. കാര്യം മനസ്സിലാകാതെ അദ്ദേഹത്തിന്റെ ആറും രണ്ടും വയസ്സുള്ള പെണ്‍മക്കളും. 'എന്റെ കുഴിമാടത്തിലെ ആദ്യത്തെ രാത്രിയില്‍ എന്തുസംഭവിക്കും'… എന്ന ഫിറോസിന്റെ വരികളാണ് സുഹൃത്തുക്കളേറെയും വീണ്ടും പോസ്റ്റ് ചെയ്ത് ഓര്‍മ പുതുക്കിയത്.
https://www.facebook.com/Malayalivartha
























