സ്വഭാവം മോശമെങ്കില്‍ വിമാനത്തില്‍ 'നോ എന്‍ട്രി'

വിമാനത്തില്‍ അച്ചടക്കമില്ലാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നോ ഫ്‌ലൈ ലിസ്റ്റ് ഉടന്‍. ജൂലൈ ആദ്യവാരം മുതല്‍ നോ ഫ്‌ലൈ ലിസ്റ്റ് പ്രാബല്യത്തില്‍ വരുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുഗു ദേശം പാര്‍ട്ടി എംഎല്‍എ ദിവാകര്‍ റെഡ്ഡി വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് എയര്‍ലൈന്‍ ജഡീവനക്കാരോട് അപരമര്യാദയായി പെരുമാറിയ സംഭവമുണ്ടായതോടെയാണ് ചൗബെ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തിമ നോ ഫ്‌ലൈ ലിസ്റ്റ് തീരുമാനിക്കുന്നതിനായി ജൂണ്‍ അവസാനം യോഗം ചേരുമെന്നും പ്രസിദ്ധീകരിക്കുന്ന പട്ടിക ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ടിക്കറ്റ് ബുക്കിംഗിന് ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വ്യാജ പേരുകളില്‍ ടിക്കറ്റെടുക്കുന്നത് തടയുന്നതിനായാണ് ഈ നീക്കം.
നേരത്തെ ശിവസേന എംപി രവീന്ദ്രഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ഗെയ്ക്ക് വാദിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ചട്ടം കൊണ്ടുവരാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. റെഡ്ഡിയ്‌ക്കെതിരെ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ വിഷയം അന്വേഷിക്കുന്നുണ്ട്.
പേരു വെളിപ്പെടുത്തി പരാതി നല്‍കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് കരുതിയാണ് പരാതി നല്‍കാത്തതെന്നാണ് സൂചന. വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന വിഐപികള്‍ എയര്‍ലൈന്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് അധികം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിട്ടുള്ളത്. എയര്‍ലൈന്‍ ജീവനക്കാരും ക്രൂ അംഗങ്ങളും ഇതേ വിഷയത്തില്‍ പരാതികളുമായി മന്ത്രാലയത്തെ സമീപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























