വിമാനയാത്രയ്ക്കിടെ മലയാളി യുവതി പ്രസവിച്ചു, കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര നല്‍കുമെന്ന് ജെറ്റ് എയര്‍വെയ്‌സ്അധികൃതര്‍

സൗദിയിലെ ദമാമില്‍ നിന്നുള്ള യാത്രാമദ്ധ്യേ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മലയാളി യുവതി ജന്മം നല്‍കിയ കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര നല്‍കുമെന്ന് അധികൃതര്‍. തങ്ങളുടെ വിമാനത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഈ സന്തോഷം പങ്കിടാന്‍ കുഞ്ഞിന് ലോകത്തെവിടേക്കും ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജെറ്റ് എയര്‍വേസിന്റെ 9 ഡബ്‌ളിയു 569 വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന കലശലായി. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തുടര്‍ന്ന് ഫസ്റ്റ് ക്‌ളാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് കാബിന്‍ ക്രൂ അന്വേഷിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. പക്ഷേ, യാത്രക്കാരിയായി മലയാളിയായ മിനി വില്‍സന്‍ എന്ന നഴ്‌സ് ഉണ്ടായിരുന്നു.
തുടര്‍ന്ന് മിനി വില്‍സനും വിമാന ജീവനക്കാരും ചേര്‍ന്ന് യുവതിയെ പരിചരിക്കുകയും യുവതി കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പാകിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു ജീവനക്കാര്‍ പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം മുംബയ് വിമാനത്താവളത്തില്‍ വിമാനം ഇറക്കി.
വിമാനം ഇറക്കിയ ഉടന്‍ തന്നെ ആംബുലന്‍സില്‍ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കൊപ്പം മറ്റാരുമില്ലായിരുന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
മുംബയിലിറങ്ങിയ വിമാനം 90 മിനിറ്റ് വൈകി ഉച്ചയ്ക്ക് 12.45ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























