58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയം കണ്ടില്ല;കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസ്സുകാരിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു

തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്. ഏകദേശം ഒന്നര വയസ്സോളം പ്രായമുള്ള കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ 58 മണിക്കൂര്‍ നീണ്ട യത്‌നത്തിനൊടുവില്‍ പുറത്തെടുത്തപ്പോള്‍ കാണാന്‍ കഴിഞ്ഞത് ചേതനയറ്റ ശരീരം മാത്രം. കുട്ടി ശ്വാസം കിട്ടാതെ മരിച്ചു.
രണ്ട് ദിവസത്തിന് മുന്‍പ് കുഴല്‍ക്കിണറിന്റെ അകത്ത് പെട്ടുപോയ കുട്ടിയെ ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. ചിന്നരി എന്ന് വിളിപ്പേരുള്ള ഈ ഒന്നര വയസ്സുകാരി തന്റെ മൂത്ത സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് 450ഓളം അടി താഴ്ച്ചയുള്ള കുഴിക്കകത്തേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴേകാലോടെ വീണത്. കുട്ടിയെ ഇനി പുറത്തെടുത്താലും രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്ന് അധികൃതര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
പോലീസ്,ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്,നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്,ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha























