മുംബൈ വിമാനത്താവളത്തില്‍ രണ്ട് മലയാളികളില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്ന് വന്ന മലയാളികളായ രണ്ട് പേരെ ഞായറാഴ്‌ച രാവിലെ മുംബയ് വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് അധികൃതര്‍ 25 കിലോ സ്വര്‍ണവുമായി പിടികൂടി. എയര്‍പോര്‍ട്ട് ക്ലീനിങ് ജീവനക്കാരുടെ യൂണിഫോം അണിഞ്ഞ് പുറത്തേക്ക് പോകാന്‍ ശ്രമിക്കവേയാണ് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അബുബേക്കര്‍, അസ്‌ലം എന്നിവര്‍ പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് ആറരകോടിയിലെറെ രൂപ വിലവരും.
ദുബായില്‍ നിന്ന് മസ്‌കറ്റ് വഴിയുളള ഒമാന്‍ എയര്‍വേസ് വിമാനത്തില്‍ വന്ന മുഹമ്മദ് അബൂബക്കറെ വിമാനത്താവള ജീവനക്കാരന്റെ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ച് ഒരു ബാഗുമായി പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അധികൃതര്‍ സംശയത്തിന്റെ പേരില്‍ പിടികൂടുകയായിരുന്നു. ഒരു കിലോ വീതം തൂക്കം വരുന്ന 13 ബിസ്‌ക്കറ്റുകള്‍ ബാഗിലും നൂറു ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ബിസ്‌ക്കറ്റുകള്‍ കീശയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്.
ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന അസ്‌ലവും വിമാനത്തവളജീവനക്കാരുടെ യൂണിഫോമില്‍ പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. അയാളുടെ ബാഗില്‍ നിന്ന് ഒരു കിലോ വീതം തൂക്കം 12 സ്വര്‍ണ ബിസ്‌ക്കറ്റുകളും പാന്റിന്റെ പോക്കറ്റില്‍ നിന്ന് 100 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. അവരെ കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ചോദ്യം ചെയ്‌തു വരുന്നു.
https://www.facebook.com/Malayalivartha

























