സഹാറ കേസില്‍ നിന്നും ജഡ്‌ജി പിന്മാറി

സഹാറാ കേസില്‍ നിന്ന് ജസ്റ്റീസ് ജെ.എസ് കെഹാര്‍ പിന്മാറി. കേസില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്മാറ്റം. താന്‍ ഉള്‍പ്പെടുന്ന ബഞ്ചിന് കേസ് വിടരുതെന്നാവശ്യപ്പെട്ട് ജസ്റ്റീസ് കെഹാര്‍ സുപ്രീംകോടതി രജിസ്ട്രിയ്ക്ക് കത്ത് നല്‍കിയതായാണ് സൂചന. സഹാറ കേസില്‍ തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ തനിക്ക് നേരിട്ട സമ്മര്‍ദ്ദവും പിരിമുറുക്കവും വിവരണാതീതമാണെന്നും തനിക്ക് മേലുണ്ടായ മാനസിക പിരിമുറുക്കം കുടുംബാംഗങ്ങളിലും പ്രതിഫലിച്ചതായും വിരമിക്കല്‍ ചടങ്ങിനിടെ കെഎസ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ജസ്റ്റീസ് കെഎസ് രാധാകൃഷ്ണനും ജെഎസ് കെഹാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരായ 24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചത്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുന്നതില്‍ കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും സഹാറാ ഗ്രൂപ്പ് തയ്യാറായില്ല. തുടര്‍ന്ന് സുബ്രതാ റോയിയെ ജയിലിലടക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസ് പരിഗണിക്കവെ സഹാറാ ഗ്രൂപ്പിനായി ഹാജരായ അഭിഭാഷകന്‍ രാം ജഠ്മലാനി ജസ്റ്റീസ് രാധാകൃഷ്ണന്റെ ബഞ്ച് പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചിരുന്നു. ഇതൊന്നും വകവെയ്ക്കാതെയായിരുന്നു കേസില്‍ കോടതിയുടെ ശക്തമായ ഇടപെടല്‍. 3.3 കോടി നിക്ഷേപകരില്‍ നിന്ന് 24000 കോടി രൂപയാണ് അനധികൃതമായി സഹാറ ഗ്രൂപ്പ് തട്ടിയെടുത്തത്. സുബ്രതായ്ക്കും മറ്റ് രണ്ട് സഹാറ എംഡിമാര്‍ക്കും ജാമ്യം അനുവദിക്കണമെന്ന് സഹാറ ഗ്രൂപ്പ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് സുബ്രതയെ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാല് മുതല്‍ സുബ്രതാ റോയി തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























