ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും ദേശീയ ഭാഷാ പദവി നല്‍കണമെന്ന് ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍

ഇന്ത്യയിലെ എല്ലാ ഭാഷകളും ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന് എഐഎഡിഎംകെ നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ. എല്ലാ ഭാഷകള്‍ക്കും ഔദ്യോഗിക സ്ഥാനവും നല്‍കണമെന്നും ക്വിറ്റ് ഇന്ത്യാ പ്രചാരണത്തിന്റെ 75-ാം വാര്‍ഷികം സ്മരിക്കുന്ന വേളയില്‍ ലോക്‌സഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാ ഭാഷകളില്‍നിന്നുള്ള ജനങ്ങളും പോരാടി. ഒരു ഭാഷയ്ക്കു മുന്‍ഗണന നല്‍കാതെ എല്ലാ ഭാഷയെയും ഒരുപോലെ കാണുക എന്നതു പാര്‍ലമെന്റിന്റെ ബാധ്യതയാണ്, തമ്പിദുരൈ കൂട്ടിച്ചേര്‍ത്തു. വിഷയം ഉന്നയിച്ച് ആദ്യം തമിഴ് ഭാഷയിലാണു തമ്പിദുരൈ സംസാരിച്ചത്. മുന്‍കൂട്ടി സ്പീക്കറെ അറിയിക്കാഞ്ഞതിനാല്‍ പരിഭാഷ ഏര്‍പ്പെടുത്താനായില്ല. ഇതുചൂണ്ടിക്കാട്ടിയപ്പോള്‍, തമിഴില്‍ സംസാരിക്കണമെങ്കില്‍ തനിക്ക് അനുമതി വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലിഷിലോ ഹിന്ദിയിലോ സംസാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് തമ്പിദുരൈയുടെ പരാമര്‍ശം വന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഈ വിഷയത്തെ വൈകാരികമായാണ് കാണുന്നതും.
https://www.facebook.com/Malayalivartha

























