ഋതബ്രതയെ പുറത്താക്കിയ നടപടിക്ക് പിബി അംഗീകാരം

സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാർട്ടിയിൽനിന്നും പുറത്താക്കിയ നടപടിക്ക് പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ ഋതബ്രതയെ ബംഗാൾ ഘടകമാണ് പുറത്താക്കാൻ തീരുമാനിച്ചത്. തെറ്റ് തിരുത്താൻ ഋതബ്രതയ്ക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടും അദ്ദേഹം തിരുത്തലിന് തയാറായില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സുർജയ കാന്ത മിശ്ര പറഞ്ഞു. പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന നടപടികളാണ് ഋതബ്രതയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സുർജയ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് ഋതബ്രതയെ പുറത്താക്കുന്നതു സംബന്ധിച്ച് മേൽഘടകത്തിന് ശിപാർശ നൽകിയിരുന്നു. ഈ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുൻ ഭാര്യ ഉർബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണിൽ മൂന്നു മാസത്തേക്കു പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























