ജെഡിയു പിളർപ്പ് പൂർണം ; ഛോട്ടുഭായ് വാസവ ആക്ടിംഗ് പ്രസിഡന്റ്

ജനതാദൾ യുണൈറ്റഡ് പാര്‍ട്ടി ഒൗദ്യോഗികമായി പിളർന്നു. ഛോട്ടുഭായ് വാസവയെ ശരദ് യാദവ് പക്ഷം ജെഡിയു ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാറ്റ്നയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ഒൗദ്യോഗിക പക്ഷം അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ തീരുമാനങ്ങൾ യോഗം റദ്ദു ചെയ്തു. തങ്ങളുടെ പക്ഷമാണ് ഒൗദ്യോഗികമെന്ന് ശരദ് യാദവ് അവകാശപ്പെട്ടു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മഹാസഖ്യം ഉപേക്ഷിച്ചു ബിജിപിക്കൊപ്പം ചേർന്നു അധികാരം വീണ്ടും പിടിച്ചെടുത്തതു മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ശരദ് യാദവ്. ജെഡിയു-ആർജെഡി-കോണ്‍ഗ്രസ് മഹാസഖ്യം തകർന്നതിൽ ശരദിന് അതൃപ്തിയുണ്ടായിരുന്നു. ഭിന്നതകൾ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്ന് രാജ്യസഭാ നേതൃസ്ഥാനത്തുനിന്നും ശരത് യാദവിനെ ജെഡിയു പുറത്താക്കി.
ജനതാദൾ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങളുടെ പക്ഷത്തിന് അനുവദിക്കണമെന്ന ശരദ് യാദവ് പക്ഷത്തിന്റെ അപേക്ഷ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു പക്ഷമാണ് ഒൗദ്യോഗികമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.
https://www.facebook.com/Malayalivartha


























