70 അംഗ നിയമസഭയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് 66 സീറ്റുണ്ടായിരുന്നത് 46 ആയി ചുരുങ്ങി; ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല

ഇരട്ടപ്പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. ഇതോടെ 70 അംഗ നിയമസഭയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് 46 എം.എല്‍.എമാരായി ചുരുങ്ങി. 66 സീറ്റായിരുന്നു ആംആദ്മിക്കുണ്ടായിരുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ചരിത്രവിജയം നേടിയതിന് പിന്നാലെ ഇരട്ടപ്പദവി വിവാദം ഉയര്‍ന്നിരുന്നു. അന്തിമതീരുമാനം എടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ ചുമതലപ്പെടുത്തുകയായിരുന്നു. കമ്മിഷന്‍ അയോഗ്യതാ ഉത്തരവ് രാഷ്ട്രപതിക്ക് കൈമാറി. കമ്മിഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചു.
എം.എല്‍.എമാരുടെ വാദം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ ചരിത്രവിജയം നേടി ഒരു മാസം പിന്നിട്ടപ്പോഴാണ് 21 എം.എല്‍.എമാരെ അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയത്. എം.എല്‍.എ എന്നതിന് പുറമേ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാക്കിയതിനാല്‍ രണ്ട് പ്രതിഫലം പറ്റുന്നെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേല്‍ എന്നയാള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. പഞ്ചാബ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ജര്‍ണൈല്‍ സിംഗ് എന്നയാള്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ എം.എല്‍.എയായിരുന്നു ഇയാള്‍.
എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയ സര്‍ക്കാര്‍ നടപടിക്ക് ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് 2016 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ലഫ്. ജനറലാണ് ഭരണാധികാരിയെന്ന് കാട്ടി ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് പ്രശാന്ത് പട്ടേല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha





















