'ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ് ഇന്ത്യയെന്തിനാണ് ആശങ്കപ്പെടുന്നത്';ദോക് ലാമിലെ നിര്മ്മാണപ്രവര്ത്തനങ്ങളെ ന്യായീകരിച്ച് ചൈന രംഗത്ത്

ദോക് ലാമിലെ നിര്മ്മാണപ്രവര്ത്തനങ്ങളെ ന്യായീകരിച്ച് ചൈന രംഗത്ത്. ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളില് പുറത്തുനിന്നുള്ളവര് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യയെ സൂചിപ്പിച്ച് ചൈനീസ് വിദേശ കാര്യ വക്താവ് ലൂ കാങ് അഭിപ്രായപ്പെട്ടത്.
'ദോക് ലാം ചൈനയുടെ അധീനതയിലുള്ളതാണ്. നിയമാനുസൃതമായ നിര്മ്മാണ പ്രവര്ത്തങ്ങളാണ് സൈനികര്ക്ക് വേണ്ടി അവിടെ നടക്കുന്നത്. ദോക് ലാം പ്രദേശത്ത് താമസിക്കുന്നവരുടെ പുരോഗതിക്ക് വേണ്ടി കൂടിയാണ് നിര്മ്മാണ പ്രവര്ത്തനങ്ങള്. അവിടെ റോഡുള്പ്പടെയുള്ളവ നിര്മ്മിക്കുന്നതില് ഇന്ത്യയെന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തരനിര്മ്മാണ കാര്യങ്ങളില് ചൈന ഇടപെടാറില്ല. ആ മര്യാദ തിരിച്ചും കാണിക്കണം.' ലൂ കാങ് പറഞ്ഞു.
ദോക് ലാം മേഖലയില് വന്തോതിലുള്ള നിര്മ്മാണ പ്രവര്ത്തനങ്ങള് നടക്കുന്നതിന് തെളിവായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളെ അംഗീകരിക്കാന് ലൂ കാങ് തയ്യാറായില്ല. അതു സംബന്ധിച്ച വാര്ത്തകള് താനും കണ്ടു. പക്ഷേ, അത്തരം ചിത്രങ്ങള് ആരാണ് എടുക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തര്ക്കം നിലനില്ക്കുന്ന സ്ഥലത്ത് ചൈന വന്തോതില് നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുന്നെന്ന് ഇന്ത്യന് മാധ്യമങ്ങളില് റിപ്പോര്ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വക്താവ്. ദോക് ലാം വിഷയത്തിലുള്ള പ്രശ്നങ്ങള് ചൈനയുമായുള്ള നയതന്ത്രചര്ച്ചയിലൂടെ പരിഹരിച്ചതായും വിഷയത്തില് ഇനി ചര്ച്ചയുടെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ഇന്ത്യന് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു
https://www.facebook.com/Malayalivartha





















