'ഇത് തെരഞ്ഞെടുപ്പ് ബജറ്റ്'; മോദി സർക്കാരിന്റെ അവസാന ബജറ്റിനെ വിമർശിച്ച് ശിവസേന

മോദി സർക്കാരിന്റെ അവസാന ബജറ്റിനെ വിമർശിച്ച് ശിവസേന. അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നീ കാരണങ്ങൾക്കൊണ്ട് ബിജെപി ഇത്തരമൊരു ബജറ്റിന് നിർബന്ധിതരാകുകയായിരുന്നെന്നും ശിവസേന കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വ്യവസായത്തിൽനിന്നു കർഷകരിലേക്കും ആരോഗ്യമേഖലയിലേക്കും വിദ്യാഭ്യാസത്തിലേക്കും സർക്കാർ ചുവടുമാറ്റിയിരിക്കുന്നത്. വിളനഷ്ടം നേരിട്ട കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നും അവരുടെ വായ്പകൾ എഴുതി തള്ളണമെന്നും ശിവസേന ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇത് ഇപ്പോഴാണ് മോദി സർക്കാർ തിരിച്ചറിയുന്നത്- ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു.
എല്ലാവരെയും സുഖിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ബജറ്റാണിത്. ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിൽ നേരിട്ട തിരിച്ചടി തിരിച്ചറിഞ്ഞ ബിജെപി ഗതികെട്ടാണ് ഇത്തരമൊരു ബജറ്റിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്- ശിവസേനാ വക്താവ് മനീഷ കയാൻഡെ പറഞ്ഞു. എല്ലാ സർവീസുകളെയും ബാങ്കുമായി കൂട്ടിയിണക്കുകയും ബാങ്ക് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന നിരക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാരന് എവിടെയാണ് ആശ്വാസം ലഭിക്കുന്നതെന്നും ശിവസേന ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























