ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രാജ്യമെങ്ങുമുള്ള മേഖല ബെഞ്ചുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു

പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രാജ്യമെങ്ങുമുള്ള മേഖല ബെഞ്ചുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖല ബെഞ്ചിനു പിന്നാലെ മറ്റു മേഖല ബെഞ്ചുകളിലും കേസ് പരിഗണിക്കാന്‍ ജുഡീഷ്യല്‍ വിദഗ്ധ സമിതി അംഗങ്ങളില്ല.
പുണെയില്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമ, കൊല്‍ക്കത്തയിലെ കിഴക്ക്, ഭോപാലിലെ മധ്യ (സെന്‍ട്രല്‍) ബെഞ്ചുകളിലെ ജഡ്ജിമാരെയും സെന്‍ട്രല്‍ ബെഞ്ചിലെ വിദഗ്ധ അംഗത്തെയും ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റി െ്രെടബ്യൂണല്‍ ആക്ടിങ് ചെയര്‍മാന്‍ യു.ഡി. സാല്‍വി ഉത്തരവ് പുറപ്പെടുവിച്ചു. കേസ് കേള്‍ക്കാന്‍ ജുഡീഷ്യല്‍വിദഗ്ധ സമിതി അംഗങ്ങള്‍ വേണമെന്ന നിയമം കഴിഞ്ഞദിവസം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ചെയര്‍മാന്റെ ഉത്തരവ്.പുണെ ബെഞ്ചിലെ ജസ്റ്റിസ് ഡോ. ജവാദ് റഹീം, കൊല്‍ക്കത്ത ബെഞ്ചിലെ ജസ്റ്റിസ് എസ്.പി. വാങ്ഡി, ഭോപാല്‍ ബെഞ്ചിലെ ജസ്റ്റിസ് രഘുവേന്ദ്ര എസ്. രാതോര്‍, വിദഗ്ധ സമിതി അംഗം ഡോ. സത്യവാന്‍ സിങ് ഗര്‍ബ്യാല്‍ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്.
ഒരു ബെഞ്ചില്‍ ഒരു ജഡ്ജിയും വിദഗ്ധ അംഗവുമുണ്ടായിരിക്കണമെന്നായിരുന്നു ചട്ടം. നിയമന നടപടികള്‍ മുടങ്ങിയതോടെ ചട്ടം ഭേദഗതിചെയ്ത് ഏകാംഗ ബെഞ്ചിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രം അധികാരം നല്‍കുകയായിരുന്നു.
എന്നാല്‍, ഏകാംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ വിധി വന്നതോടെയാണ് മേഖല ബെഞ്ചിലെ ഏകാംഗ ജഡ്ജിമാരെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റാന്‍ നടപടിയെടുത്തത്. തിങ്കളാഴ്ച മുതല്‍ എല്ലാ മേഖല ബെഞ്ചിലെയും ജഡ്ജിമാരും പ്രിന്‍സിപ്പല്‍ ബെഞ്ചിലായിരിക്കും പ്രവര്‍ത്തിക്കുക. മേഖല ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ മുതിരില്ലെന്നാണ് സൂചന. വന്‍കിട പദ്ധതി കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഏക ജഡ്ജി ജനുവരി രണ്ടിന് വിരമിച്ചതോടെ ചെന്നൈയിലെ ബെഞ്ചിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരുമാസമായി.
https://www.facebook.com/Malayalivartha
























