12 വര്‍ഷത്തിന് ശേഷം വീണ്ടും നിയമ പോരാട്ടത്തിനായി സി.ബി.ഐ ; ബൊഫോഴ്‌സ് കേസ് വീണ്ടും കോടതിയിലേയ്ക്ക്

ഒരുകാലത്ത് കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും പ്രതിസന്ധിയിലാക്കിയ ബൊഫോഴ്‌സ് അഴിമതി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം മറികടന്നുകൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വീണ്ടും നിയമ പോരാട്ടത്തിന് സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ എ.ബി ബൊഫോഴ്‌സുമായി 1986 ലാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്. 1437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന് കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഇത് വന്‍ വിവാദങ്ങള്‍ക്കിടയാക്കി. 1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇടവരുത്തിയ കേസാണ് ബൊഫോഴ്‌സ് ആയുധ കച്ചവടം.
സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നു കണ്ടെത്തി.
ബൊഫോഴ്സ് കമ്ബനി പ്രസിഡണ്ട് മാര്‍ട്ടിന്‍ ആര്‍ഡ്ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, വ്യവസായികളായ ഹിന്ദുജ സഹോദരന്‍മാര്‍ എന്നിവര്‍ക്കെതിരെ 1990 ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തവരുടെ ഹര്‍ജി പരിഗണിച്ച് 2005 മെയില്‍ എഫ്‌ഐആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു .
https://www.facebook.com/Malayalivartha
























