കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; നന്ദിപ്രമേയ ചര്‍ച്ചയില്‍ നെഹ്‌റു കുടുംബത്തെയും വെറുതെ വിട്ടില്ല

പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസുമാണ് ജനാധിപത്യം രാജ്യത്ത് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറയുന്നത് അഹങ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ചരിത്രം അവര്‍ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങിനെയാണോ? എന്തൊരു അഹങ്കാരമാണിത്. ജനാധിപത്യം ഭാരതത്തിന്റെ സംസ്‌കാരത്തിലുള്ളതാണ്. അതിനോട് കോണ്‍ഗ്രസിന് യാതൊരു പ്രതിബദ്ധതയുമില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയെ വിഭജിക്കാന്‍ കൂട്ടുനിന്നവരാണ് കോണ്‍ഗ്രസെന്നും മോദി ആഞ്ഞടിച്ചു. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളെ വിഭജിച്ചു. അന്ന് ഒരു പ്രശ്‌നവും ഉണ്ടായില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ദോഷം വര്‍ഷങ്ങളായി ജനം അനുഭവിക്കുകയാണെന്നും ആന്ധ്രാപ്രദേശിനെ വിഭജിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ദീര്‍ഘകാലം അധികാരത്തിലിരുന്ന സമയത്ത് പ്രതിപക്ഷവും ടെലിവിഷനും റേഡിയോയും അവര്‍ക്കൊപ്പമായിരുന്നെന്നും മോദി ആരോപിച്ചു. സര്‍ക്കാരിനെതിരെ അന്ന് ഹര്‍ജികളൊന്നും ആരും സമര്‍പ്പിച്ചിരുന്നില്ല. എന്‍.ജി.ഒകള്‍ അന്നുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യ ബോധത്തോടെ ഭരിച്ചിരുന്നെങ്കില്‍ രാജ്യം ബഹുദൂരം മുന്നോട്ട് പോകുമായിരുന്നു. നെഹ്‌റുകുടുംബത്തെ സേവിക്കുകമാത്രമാണ് കഴിഞ്ഞ 70 വര്‍ഷവും കോണ്‍ഗ്രസ് തെയ്തതെന്നും ആ കുടുംബത്തിന്റെ താല്‍പര്യമായിരുന്നു രാജ്യ താല്‍പര്യമെന്നും മോദി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























