നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാനായില്ല ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാതെയാണ് ലോക്സഭ പിരിഞ്ഞത്. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണിത്.
ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് രാവിലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടപടികള്‍ ആരംഭിച്ചത്. ലോക്സഭ ആരംഭിച്ചപ്പോള്‍ത്തന്നെ പിഎന്‍ബി തട്ടിപ്പ്, ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ടിഡിപി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഐഎഡിഎംകെ, ആര്‍ജെഡി പാര്‍ട്ടി അംഗങ്ങള്‍ ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ച സഭ ബഹളം തുടര്‍ന്നതോടെ പിരിയുകയായിരുന്നു. രാവിലെ തന്നെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും എന്‍ഡിഎ വിട്ട ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. നോട്ടീസ് പരിഗണിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബഹളത്തിനിടയില്‍ പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചുകൊണ്ടുള്ള ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത ആക്രമണം രൂപപ്പെടുകയായിരുന്നു. ടിഡിപിയും ആന്ധ്രയിലെ പ്രതിപക്ഷകക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.
https://www.facebook.com/Malayalivartha

























