വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമത്തിലെ വിശേഷങ്ങള്‍...

വാതിലുകളില്ലാത്ത വീടുകളെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇന്നത്തെക്കാലത്ത് വീടിന്റെ വാതിലും തുറന്നിട്ട് ആരെങ്കിലും പുറത്തു പോകുമോ എന്നാല്‍ വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമം മഹാരാഷ്ട്രയിലുണ്ട്. ലോകത്ത് മറ്റേത് പ്രദേശത്തിനും അവകാശപ്പെടാനാകാത്ത ഒരു ചരിത്രവിസ്മയം തന്നെയിത്.
വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ ശനി ഷിങ്കനപൂരിലാണ്. ഈ ഗ്രാമത്തിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശനിദേവന്‍ ഗ്രാമത്തെ സംരക്ഷിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.ഒപ്പം മറ്റുള്ളവരുടെ വീടുകളില്‍ മോഷണത്തിനുകയറിയാല്‍ ശനിദേവന്‍ ശിക്ഷിക്കുമെന്ന ഭയവും.
പുതിയതായി ഉണ്ടാക്കിയ ആഡംബര വീടുകള്‍ക്കുപോലും വാതിലുകളില്ലെന്നത് ആരെയും അത്ഭുതപ്പെടുത്തും. മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രാമത്തില്‍ ശക്തിയായ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. കുത്തിയൊലിച്ച പനസല നദിയുടെ തീരത്ത് വലിയ ശിലാഫലകം അടിഞ്ഞു. ഒരിക്കല്‍ ഗ്രാമവാസികള്‍ അതില്‍ വടികൊണ്ട് തൊട്ടപ്പോള്‍ അതില്‍ നിന്നും രക്തം ഒഴുകുവാന്‍ തുടങ്ങി. തുടര്‍ന്ന് ശിലയില്‍ നിന്നും ശനി ദേവന്‍ പ്രത്യക്ഷപ്പെട്ടു. ശനിദേവന്‍ ശില ഗ്രാമത്തില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ സുരക്ഷയെ കുറിച്ച് ചിന്തിക്കേണ്ടന്നും നിങ്ങളുടെ ഗ്രാമത്തെയും സ്വത്തുക്കളെയും ഞാന്‍ സംരക്ഷിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്തു. അതിന് ശേഷം ഗ്രാമവാസികള്‍ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ശനി ദേവന്റെ വലിയ ശിലാഫലകം മേല്‍ക്കൂരയില്ലാതെ പ്രതിഷ്ഠിച്ചു. പിന്നീടാണ് അവര്‍ വാതിലുകള്‍ ഉപേക്ഷിച്ചത്. അവര്‍ ഒന്നിനെയും പേടിച്ചിരുന്നില്ല. ഇതാണ് ഗ്രാമത്തിലുള്ള ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.
പുതുതലമുറയിലെ ജനങ്ങളും ഈ വിശ്വാസം നിലനിര്‍ത്തി വരുന്നു. ഇവിടെയുളള വീടുകള്‍ക്കും വാതിലുകളോ അതിന്റെ പൂട്ടുകളോ ഇല്ല. വീടുകളിലുള്ള പണവും സ്വര്‍ണ്ണങ്ങള്‍ക്കും യാതൊരുവിധ സുരക്ഷയില്ല. എന്നാലും ഗ്രാമവാസികള്‍ പണം നഷ്ടപ്പെടുമെന്നുള്ള പേടിയില്ല. ശനി ദേവന്‍ ഗ്രാമത്തില്‍ സുരക്ഷ ഒരുക്കുമ്പോള്‍ എന്തിന് പേടിക്കണം.
നാളിതുവരെ അവിടുത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് ഗ്രാമത്തിലെ പരാതികളോ കുറ്റകൃത്യങ്ങളോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമത്തിലെ പ്രധാന ധനകാര്യസ്ഥാപനമാണ് യൂക്കോ ബാങ്ക്. ബാങ്കിനും വാതിലുകള്‍ ഇല്ല എന്നതും മറ്റ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 2011 ലാണ് ഇവിടെ ആദ്യമായി വാതിലുകള്‍ ഇല്ലാത്ത ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.
ഉള്‍വശം കാണാന്‍ സാധിക്കുന്ന തരത്തിലാണ് ഇവിടെ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കുടുംബ സുരക്ഷ മുന്‍നിര്‍ത്തി വീടുകളില്‍ വാതില്‍ കൊണ്ടുവരാന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന് ഗ്രാമവാസികള്‍ തയ്യാറാകാതെ വന്നു. ഞങ്ങളെ രക്ഷിക്കാന്‍ ശനിദേവന്‍ ഉണ്ട്...അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ബിനി പ്രേമം രാജ്
https://www.facebook.com/Malayalivartha






















