കപിൽ സിബൽ അടക്കമുള്ള എണ്ണം പറഞ്ഞ അഭിഭാഷകർ സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം കിട്ടാത്ത കേസാണ് സിദ്ദിഖ് കാപ്പനെന്ന പഴയ മാധ്യമ പ്രവർത്തകന്‍റെ പേരിലുള്ളത്; പെറ്റിക്കേസിൽ അകപ്പെട്ടവനെപ്പോലും കുറ്റവാളിയായി ചിത്രീകരിച്ച് അച്ചുനിരത്തുന്നവരാണ് രാജ്യദ്രോഹക്കേസിൽ ജയിലിൽ കിടക്കുന്നയാളെ വിശുദ്ധനാക്കി പ്രമേയം പാസാക്കുന്നത്; വിമർശനവുമായി സന്ദീപ് വാചസ്പതി

പെറ്റിക്കേസിൽ അകപ്പെട്ടവനെപ്പോലും കുറ്റവാളിയായി ചിത്രീകരിച്ച് അച്ചുനിരത്തുന്നവരാണ് രാജ്യദ്രോഹക്കേസിൽ ജയിലിൽ കിടക്കുന്നയാളെ വിശുദ്ധനാക്കി പ്രമേയം പാസാക്കുന്നതെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; പെറ്റിക്കേസിൽ അകപ്പെട്ടവനെപ്പോലും കുറ്റവാളിയായി ചിത്രീകരിച്ച് അച്ചുനിരത്തുന്നവരാണ് രാജ്യദ്രോഹക്കേസിൽ ജയിലിൽ കിടക്കുന്നയാളെ വിശുദ്ധനാക്കി പ്രമേയം പാസാക്കുന്നത്.
കപിൽ സിബൽ അടക്കമുള്ള എണ്ണം പറഞ്ഞ അഭിഭാഷകർ സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം കിട്ടാത്ത കേസാണ് സിദ്ദിഖ് കാപ്പനെന്ന പഴയ മാധ്യമ പ്രവർത്തകന്‍റെ പേരിലുള്ളത്. കേരളത്തിലെ 140 എം.എൽ.എമാരും 29 എം.പിമാരും നടത്തിയ രാഷ്ട്രീയ സമ്മർദ്ദത്തിനും പൊലീസ് ഹാജരാക്കിയ തെളിവുകളെ മറികടക്കാനായില്ല. അത്തരം ഒരാൾക്ക് വേണ്ടിയാണ് പണപ്പിരിവ് നടത്തിയതും ഇനിയും പിന്തുണയ്ക്കുമെന്നും 'നിഷ്പക്ഷ' സംഘടനയായ കെ.യു.ഡബ്യു.ജെ പ്രഖ്യാപിക്കുന്നത്.
നല്ലത് തന്നെ. സഹപ്രവർത്തകര്‍ക്കായി ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനം ഉശിരുള്ള സംഘടനയ്ക്ക് ഭൂഷണമാണ്, കരുത്താണ്. പക്ഷേ പത്രപ്രവർത്തക യൂണിയന് 'ദൂരക്കാഴ്ച' മാത്രമേ ഉള്ളൂ എന്നതാണ് ദുര്യോഗം. യൂണിയൻ ആസ്ഥാനത്ത് നിന്ന് അരക്കിലോമീറ്റർ മാത്രം അകലെ ജോലിചെയ്യുന്ന വിനു.വി ജോൺ എന്ന മാധ്യമപ്രവർത്തകന് യൂണിയന്‍റെ സൂക്ഷ്മദൃഷ്ടിയിൽ പെടാൻ ഉള്ള 'യോഗ്യത' ഇല്ലാതെ പോയതിന്‍റെ കാരണം നേതാക്കൾ വ്യക്തമാക്കാമോ? അത് ചോദ്യം ചെയ്യാൻ ആ സംഘടനയിൽ ആരെങ്കിലും ഉണ്ടാകുമോ?
നിങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും സാധാരണക്കാരായ ഞങ്ങൾക്കെല്ലാം കാരണം മനസിലാകും. ചാനൽ ചർച്ചയിൽ നടത്തിയ നിർദ്ദോഷമായ പരാമർശത്തിന്‍റെ പേരിൽ വിനുവിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കുമെന്ന ആഹ്വാനവും വിനുവിന്‍റെ വീടിനു നേരെ നടത്തിയ അതിക്രമവുമൊക്കെ നിങ്ങൾ കാണാതെ പോയതിന്‍റെ പേരാണ് യജമാന സ്നേഹം. മറ്റൊരു തരത്തിൽ പറഞ്ഞാൽ അടിമത്തം. യജമാനനെ ദ്രോഹിക്കരുത് എന്നത് തന്നെയാണ് യഥാർത്ഥ അടിമയുടെ ധർമ്മം. ആ അർത്ഥത്തിൽ നിങ്ങൾ വിജയിച്ചവരാണ്.
"വധഭീഷണി മുഴക്കിയവർക്കെതിരെ വിനു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിലും വിനുവിനെതിരെ കേസെടുക്കാൻ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അപ്പോസ്തലൻമാരായ കേരളാ ഭരണകൂടം തയ്യാറായി എന്നത് നാം നന്ദിയോടെ ഓർമ്മിക്കണം" എന്ന ഒരു വരി കൂടി പ്രവർത്തന റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ സംപൂർണ്ണമായേനേ! ജനം ടിവിയിലെ അനിൽ നമ്പ്യാർ, ക്രൈം നന്ദകുമാർ എന്നിവര്‍ ജീവിക്കാൻ പോലും അർഹതയില്ലാത്തവരായതിനാൽ അവരെ കാണാതെ പോയതും സ്വാഭാവികമാണല്ലോ? അതിനാൽ അവർക്കെതിരായ അതിക്രമമൊന്നും യൂണിയൻ ഗൗനിക്കുകയേ വേണ്ടല്ലോ?
കേരളം സമത്വ സുന്ദരമാണെന്ന പ്രതീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം യജമാനൻ അനുവദിച്ച് തരാത്തിടത്തോളം നിങ്ങൾ കുറ്റപ്പെടുത്തലിന് അര്‍ഹരല്ല. അപ്പോഴും 'വടക്കുനോക്കിയന്ത്രം' അക്ഷീണം പ്രവർത്തിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു നൽകിയ യശ്മാനനെ പുകഴ്ത്തി നിങ്ങൾ സായൂജ്യം അടഞ്ഞു കൊള്ളുക. പക്ഷേ ഇനിയെങ്കിലും ആ 'നിഷ്പക്ഷ' മുഖംമൂടി അഴിച്ചു വെക്കണമെന്ന ഒരഭ്യർത്ഥനയുണ്ട്. വിശ്വസ്ത വിനീത വിധേയൻമാരായി കഴിയുന്നവർക്ക് ഞരങ്ങാനുള്ള അവകാശമേ ഉള്ളൂ എന്ന് തിരിച്ചറിയുക. അതിനാൽ 'സ്വതന്ത്ര യൂണിയൻ' എന്ന ആനയേയും തെളിച്ചു കൊണ്ട് ഇനിയും ഇതുവഴി വരരുത്. പ്ലീസ്. "ഒരു സിപിഎം പോഷക സംഘടന". അതിൽ കൂടുതൽ ഒരു ഡെക്കറേഷനും ഈ സംഘടന ഇപ്പോൾ അര്‍ഹിക്കുന്നില്ല.
https://www.facebook.com/Malayalivartha