വന്‍കിട സംരംഭകരെ പോലെ ചെറുകിടക്കാരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സുസ്ഥിര വികസന കാഴ്ചപാടാണ് നടപ്പിലാക്കേണ്ടത്; നിക്ഷേപ സൗഹൃദമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കേണ്ടത് റാങ്കിംഗ് പട്ടികയിലെ ഏറ്റക്കുറച്ചില്‍ നോക്കിയല്ല; ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സര്‍ക്കാരും ഇടതു മുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നത്; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സര്‍ക്കാരും ഇടതു മുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പിടിവാശികാരണം ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭയുമാണ്.
നിസ്സാരകാര്യങ്ങള്‍ക്ക് ലക്ഷങ്ങളുടെ പിഴ ഈടാക്കി തലശ്ശേരി നഗരസഭ ഇവരെ പീഡിപ്പിക്കുകയായിരുന്നു. നഗരസഭയുടെ പിഴത്തുകയുടെ പത്തുശതമാനം അടച്ച് സ്ഥാപനം പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും തലശ്ശേരി നഗരസഭ വഴങ്ങാതിരുന്നതാണ് ഇവര്‍ നാടുവിടാനുണ്ടായ സാഹചര്യം.കേരളം നിക്ഷേപ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവം.
സിപിഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് ഇപ്പോള്‍ സര്‍ക്കാരും വ്യവസായ വകുപ്പും മന്ത്രിയും ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വന്‍കിടക്കാര്‍ക്ക് മാത്രം സഹായകരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിക്കേണ്ടതും അവരെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.
പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
വന്‍കിട സംരംഭകരെ പോലെ ചെറുകിടക്കാരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സുസ്ഥിര വികസന കാഴ്ചപാടാണ് നടപ്പിലാക്കേണ്ടത്. നിക്ഷേപ സൗഹൃദമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കേണ്ടത് റാങ്കിംഗ് പട്ടികയിലെ ഏറ്റക്കുറച്ചില്‍ നോക്കിയല്ല, നമ്മുടെ സംരംഭകര്‍ക്ക് മികച്ച സൗകര്യവും പ്രവര്‍ത്തന അന്തരീക്ഷവും സൃഷ്ടിക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.
അതിനായി സങ്കുചിത മനോഭാവങ്ങളും പ്രതികാര നടപടികളും ഉപേക്ഷിക്കാന്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപ്രസ്ഥാനങ്ങള്‍ തയ്യാറാകണം. സമീപകാല സംഭവങ്ങള്‍ നിലവില്‍ അതിന് പറ്റിയ സാഹചര്യമല്ല കേരളത്തിലേതെന്ന് തെളിയിക്കുന്നതാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha