മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്; സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും കെ.എസ്.ആർ.ടി.സി യെ സ്വകാര്യ ബസ്സുകളുമായി താരതമ്യം ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടുകൾ ആണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്; ആശങ്ക പങ്കു വച്ച് കെ സുധാകരൻ എം പി

മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്.
ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ബസ് സർവീസ് തുടങ്ങിയത് തിരുവിതാംകൂറിൽ ആയിരുന്നു. 1965 മാര്‍ച്ച് 15 നാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലാഭം മാത്രം കണക്കാക്കിയല്ല കെ.എസ്.ആർ.ടി.സി തുടങ്ങിയതും മുന്നോട്ട് പോയതും. സ്വകാര്യ ബസ്സുകൾ എത്തിപ്പെടാത്ത വിദൂര ഗ്രാമങ്ങളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട തുരുത്തുകളുടെ അരികിലും വരെ കെ.എസ്.ആർ.ടി.സി എത്തി. നമ്മുടെ കുട്ടികളെ അയൽ സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ യാത്രാ നിരക്കിൽ കൊണ്ട് പോകുന്നതും കെ.എസ്.ആർ.ടി.സിയാണ്.
തൊഴിലാളികൾ, സാധാരണക്കാർ തുടങ്ങി ലക്ഷക്കണക്കിന് യാത്രക്കാർ ആണ് യാത്രകൾക്ക് നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നത്. സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും കെ.എസ്.ആർ.ടി.സി യെ സ്വകാര്യ ബസ്സുകളുമായി താരതമ്യം ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടുകൾ ആണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. കെ.എസ്.ആർ.ടി.സി സ്വകാര്യ സ്ഥാപനം അല്ല. കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാർ സ്വകാര്യ ബസ്സ് ജീവനക്കാരും അല്ല.
ഒരു സ്വകാര്യ ബസ്സ് ജീവനക്കാരന്/ ജീവനക്കാരിക്ക് ലഭിക്കുന്ന വേതനമോ ജീവിത സൗകര്യങ്ങളോ അല്ല കെ.എസ്.ആർ.ടി.സിയിലെ ജോലിക്കാർക്ക് ലഭിക്കുന്നത്. മറ്റേത് സർക്കാർ ജീവനക്കാരുടെയും പോലെയുള്ള ജീവിത നിലവാരം അവർക്ക് നൽകുന്നുണ്ട്, നൽകേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സി ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നും അവരുടെ ബാധ്യത ഏറ്റെടുക്കാൻ ഉള്ള ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്നും ഉള്ള തൊഴിലാളി വിരുദ്ധ നിലപാട് ആയിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
കേരളത്തിൽ ബിവറേജസ് മുതൽ കെ.എസ്.ഇ.ബി വരെയുള്ള മിക്ക കോർപ്പറേഷനുകളും നഷ്ടത്തിൽ ആണ്. ഇവയുടെയൊക്കെ ബാധ്യത സർക്കാർ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി യിൽ ഒരു പുനഃക്രമീകരണ പാക്കേജ് കൊണ്ട് വന്നതാണ്. അന്ന് സിപിഎം നേതൃത്വത്തിൽ നിരന്തര അക്രമ സമരം വഴി ആ നീക്കത്തെ തകർത്തു. ഇപ്പോൾ തീർത്തും ലാഭേച്ഛ മാത്രം ലാക്കാക്കി സ്വിഫ്റ്റ് എന്ന കമ്പനിയെ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ''സ്ലോ പോയിസൻ " കൊടുത്തു കൊല്ലാൻ നോക്കുകയാണ്.
കെ.എസ്.ആർ.ടി.സിയുടെ ലാഭകരമായ എല്ലാ റൂട്ടുകളും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. വളയം പിടിക്കാൻ അറിയുന്നവരെ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാർ ആക്കി. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഇൻഫ്രാസ്ട്രക്ച്ചറും സ്വിഫ്റ്റ് കമ്പനി ഒരു ചിലവും ഇല്ലാതെ ഉപയോഗിക്കുന്നു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, യാർഡുകൾ, വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്ടുകൾ എന്നിവ സ്വിഫ്റ്റ് കമ്പനി മുടക്കൊന്നും കൂടാതെ വിനിയോഗിക്കുന്നു.
രണ്ടാം മോഡി സർക്കാർ പാസാക്കിയ മോട്ടോർ വാഹന നിയമ ഭേദഗതിയിലെ ആഗ്രഗേറ്റർ മാനദണ്ഡങ്ങൾ അനുസരിച്ചു 100 ഫ്ലീറ്റിൽ കൂടുതൽ ഉള്ള വ്യക്തികൾക്കോ കമ്പനികൾക്കോ മറ്റ് പെർമിറ്റ് ഇല്ലാതെ പാസഞ്ചർ സർവീസ് നടത്താം. അതിന്റെ ചുവടു പിടിച്ചാണ് പിണറായി സർക്കാർ സ്വിഫ്റ്റ് കമ്പനി ഉപയോഗിച്ച് പാസഞ്ചർ സർവീസ് നടത്തുന്നത്. ഈ നിയമത്തിന് എതിരെ സിപിഎം ഉയർത്തിയ എതിർപ്പുകളുടെ മഷി ഉണങ്ങും മുൻപാണ് പിണറായി വിജയന്റെ ഈ നേർ എതിർ നിലപാട്.
10 വർഷം കഴിഞ്ഞാൽ സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കും എന്ന് പറയുന്നു. മെയ് മാസം കെ.എസ്.ആർ.ടി.സിയുടെ 27 ഷെഡ്യൂളുകൾ ആണ് സ്വിഫ്റ്റിന് തൊഴിലാളി ദിന സമ്മാനമായി നൽകിയത്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള വരുമാനം ഉള്ള എല്ലാ ഷെഡ്യൂളുകളും സ്വിഫ്റ്റിന് നൽകി കഴിഞ്ഞു. പത്തു വർഷം കഴിയുമ്പോഴേക്ക് റൂട്ട് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി യുടെ ആസ്തികൾ സ്വിഫ്റ്റിന്റെ കൈയ്യിൽ ആകും. ഇപ്പോൾ കെ.എസ്.ആർ.ടി.സി യുടെ കൈയ്യിൽ ഉള്ള ആസ്തികളിൽ 30 ശതമാനത്തോളം മാത്രമാണ് കോർപ്പറേഷൻ കാശ് കൊടുത്ത് വാങ്ങിയത്.
ബാക്കി ഭൂസ്വത്തുക്കളിൽ മഹാ ഭൂരിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും കെ.എസ്.ആർ.ടി.സിക്ക് വെറുതെ നൽകിയതാണ്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കാൻ ആവില്ല, അതായത് സ്വിഫ്റ്റ് കമ്പനി അവ കൈവശം വയ്ക്കാൻ ശ്രമിച്ചാൽ വലിയ നിയമ യുദ്ധങ്ങൾക്കാവും വകുപ്പ് സാക്ഷിയാവുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സൂപ്പർ ആനുവേഷന്റെ ഭാഗമായി 35000 ലധികം ജീവനക്കാർ കോർപ്പറേഷനിൽ നിന്നും പുറത്ത് പോയി. എട്ടായിരത്തിലധികം താൽക്കാലിക ജീവനക്കാരെ പുറത്താക്കി.
തൊഴിലാളികളെ നിർദാക്ഷിണ്യം ഇങ്ങനെ പുറത്താക്കിയിട്ടും കെ.എസ്.ആർ.ടി.സി യുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കാൻ കാരണം സർക്കാരും മാനേജ്‌മെന്റും സ്വീകരിച്ച തല തിരിഞ്ഞ നയങ്ങൾ ആണ്. കോവിഡ് സമയത്ത് അശാസ്ത്രീയമായി ചവറു വീപ്പകൾ അടുക്കി വെക്കുന്നത് പോലെയാണ് യാർഡുകളിൽ ബസ്സുകൾ അടുക്കിയത്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം കോടികൾ വിലവരുന്ന ലോ ഫ്ലോർ ഉൾപ്പെടെയുള്ള നൂറു കണക്കിന് ബസ്സുകൾ ആണ് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്ത വിധം നശിച്ചത്.
ഒരു ബസ്സിൽ നിന്നുള്ള ജൂലായിലെ പ്രതിദിന ശരാശരി വരുമാനം 14,873 രൂപയാണ്. അതായത് ഒരു മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യബസിനെക്കാൾ മുകളിലാണ് കെ.എസ്.ആർ.ടി.സി.യുടെ ശരാശരി വരുമാനം. അതായത് തൊഴിലാളികളുടെ കുഴപ്പം കൊണ്ടല്ല, പകരം കെടുകാര്യസ്ഥതയും അമിതമായ ചിലവുകളും ആണ് കെ.എസ്.ആർ.ടി.സി കരകയറാതിരിക്കാൻ കാരണം.
ഉത്സവ കാലങ്ങളിലും സ്‌കൂൾ തുറക്കുമ്പോഴും തങ്ങൾക്ക് വേദനം കിട്ടാൻ സർക്കാരിന് മുൻപിൽ യാചിക്കേണ്ടി വരുന്നവരോട് ''കിറ്റും പറ്റ് വാങ്ങാൻ കൂപ്പണും നൽകാം" എന്നു പറയുന്നത് ഏറ്റവും മിതമായി പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തം ആണ്. കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക പൂർണ്ണമായി കൊടുത്തു തീർക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha