വിദൂര സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത വികാരപരമായ രംഗങ്ങളാണ് യാത്രയിലുടനീളം ദൃശ്യമായത്; ഇതു കണ്ട് ബി.ജെ.പി അസ്വസ്ഥരാകുന്നത് നമുക്ക് മനസിലാക്കാം; എന്നാൽ പോളിറ്റ് ബ്യൂറോ യാത്രയ്ക്ക് അനുകൂല നിലപാട് എടുത്തിട്ടും സി.പി.എം കേരളഘടകത്തിന് ഇത്രയും കുരു പൊട്ടുന്നതെന്തെന്നാണ് മനസിലാകാത്തത്; ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സന്തോഷം പങ്കു വച്ച് ഷിബു ബേബി ജോൺ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സന്തോഷം പങ്കു വച്ച് ഷിബു ബേബി ജോൺ രംഗത്ത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കഴിഞ്ഞ ദിവസം ഞാനും പങ്കാളിയായി. ഒരു രാഷ്ട്രീയ പാർട്ടിയുടെ യാത്രയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി പങ്കെടുക്കുന്നത് സാധാരണയായി പതിവുള്ളതല്ല. എന്നാൽ പതിവ് രീതികളെ നിഷേധിച്ചു കൊണ്ട് ഈ യാത്രയിൽ ചവറ മുതൽ കരുനാഗപ്പള്ളി വരെ അണിചേരാൻ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്.
ഒന്ന്, യാത്രയുടെ മുദ്രാവാക്യം തന്നെയാണ്. ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരാളും മനസിലാഗ്രഹിക്കുന്ന ഒന്നാണ് ഈ യാത്ര നൽകുന്ന സന്ദേശം. സമീപകാലത്ത് രാജ്യത്ത് കാണുന്ന വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയത്തിൽ നിന്നും ഒരു മോചനമുണ്ടാകണമെന്ന് ഭാരതത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യം ഒന്നായി പോകണമെന്ന് ആഗ്രഹിക്കുന്നവരെയാകെ ആകർഷിക്കുന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പ്രവർത്തനമാരംഭിച്ച RSS ന് ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന സ്വപ്നമുണ്ടായിരുന്നു. എന്നാൽ വ്യത്യസ്തതകളെയൊക്കെ കരുത്താക്കി മാറ്റി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഇത്തരം മതവാദങ്ങൾ തടസമാകുമെന്ന് കണ്ട് ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി മാറ്റിയതിൽ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിൻ്റെ പങ്ക് നിസ്തുലമാണ്.
അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നെങ്കിലും വിശ്വാസി സമൂഹത്തെയും ഒപ്പം കൂട്ടി അദ്ദേഹം ഭാരതത്തെ ഒന്നായിത്തന്നെ മുന്നോട്ടു നയിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്ര വ്യാപനത്തിന് ഭീഷണി നെഹ്റുവും അദ്ദേഹത്തിൻ്റെ ആശയങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ RSS നെഹ്റു കുടുംബത്തെ ഒരു കരടായി തന്നെ കണ്ടു. ആ എതിർപ്പ് ഇന്നും ആ കുടുംബത്തോട് അവർക്കുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുപാട് ക്ഷീണിച്ചു, സംഘടനാപരമായ ദൗർബല്യങ്ങൾ അവരെ വേട്ടയാടുന്നു എന്നതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ ഇന്ന് രാജ്യം നേരിടുന്ന വർഗീയ ധ്രുവീകരണ ഭീഷണികൾക്കെതിരായ ഏകസ്വരം കോൺഗ്രസിൻ്റെതാണെന്ന വസ്തുത നമ്മൾ തിരിച്ചറിയണം. ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും പണമൊഴുക്കിയും എതിർസ്വരങ്ങളെയാകെ നിശബ്ദരാക്കുമ്പോൾ നരേന്ദ്ര മോദിക്കെതിരെ ഇന്നുയരുന്ന ഏകസ്വരം രാഹുൽ ഗാന്ധിയുടേതാണ്.
ആ ശബ്ദത്തെ ദുർബലപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്തം ഒരു ജനാധിപത്യ വിശ്വാസിക്കുണ്ടെന്ന തിരിച്ചറിവാണ് ഈ യാത്രയിൽ പങ്കാളിയാകാനുള്ള രണ്ടാമത്തെ കാരണം. എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലെ ജനങ്ങൾ ഏറ്റെടുത്ത വികാരനിർഭരമായ ഒരു യാത്ര ഞാൻ കണ്ടിട്ടില്ല. രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലില്ലാത്ത ഒരു പാർട്ടിയുടെ നേതാവ് നടത്തുന്ന യാത്രയിലേക്ക് ജനങ്ങൾ സ്വമേധയാ ഒഴുകിയെത്തുകയായിരുന്നു.
വിദൂരസ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത വികാരപരമായ രംഗങ്ങളാണ് യാത്രയിലുടനീളം ദൃശ്യമായത്. ഇതുകണ്ട് ബി.ജെ.പി അസ്വസ്ഥരാകുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ പോളിറ്റ് ബ്യൂറോ യാത്രയ്ക്ക് അനുകൂല നിലപാട് എടുത്തിട്ടും സി.പി.എം കേരളഘടകത്തിന് ഇത്രയും കുരു പൊട്ടുന്നതെന്തെന്നാണ് മനസിലാകാത്തത്.
https://www.facebook.com/Malayalivartha