എ.ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്‍തുണച്ച് കോട്ടയത്ത് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ്; സെന്‍ട്രല്‍ ജംഗ്ഷനിലും ഫ്‌ളക്‌സുമായി തരൂര്‍ ഫാന്‍സ്; പാമ്പാടിയ്ക്കു പിന്നാലെ കോട്ടയവും തരൂര്‍ ഫ്ളക്സുകൾ സ്ഥാനം പിടിച്ചു

എ.ഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന ശശി തരൂരിനെ പിന്‍തുണച്ച് കോട്ടയത്ത് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ്. ശനിയാഴ്ച രാത്രിയോടെയാണ് കോട്ടയം നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശശി തരൂര്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരോട് ചോദിക്കുമ്പോള്‍ ശശി തരൂര്‍ ഫാന്‍സാണ് തങ്ങള്‍ എന്നു മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് എന്നു അവകാശപ്പെടുന്ന ഇവര്‍ക്കൊപ്പം പക്ഷേ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ആരെയും കണ്ടില്ല.
ശനിയാഴ്ച രാത്രി പത്തരയ്ക്ക് ശേഷം ജോസ്‌കോ ജുവലറി, മലയാള മനോരമ ജംഗ്ഷന്‍ അടക്കുള്ള സ്ഥലങ്ങളിലാണ് ശശി തരൂര്‍ അനുകൂല ഫ്‌ളക്‌സ് നിരന്നത്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തിങ്ക് ടുമോറോ തിങ്ക് തരൂര്‍ എന്ന ഫ്‌ളക്‌സാണ് നിരന്നിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തരൂരിനെ പിന്‍തുണച്ചേനെ എന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
തരൂരിനെ പിന്‍തുണയ്ക്കുന്നതിനൊപ്പം, ശശി തരൂരിന് അഭിവാദ്യങ്ങള്‍ എന്ന ഫ്‌ളക്‌സുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച വൈകിട്ട് പാമ്പാടിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോട്ടയം നഗരത്തില്‍ ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്. പാമ്പാടി പഞ്ചായത്ത് അംഗങ്ങളായ അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാമ്പാടിയില്‍ പ്രകടനം. പുതുപ്പള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന പേരില്‍ നടത്തിയ പ്രകടനത്തില്‍ മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാമ്പാടി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.
നേരത്തെ കോട്ടയം ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പാലായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂര്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. പുതുപ്പള്ളിയില്‍ തോട്ടയക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശശി തരൂര്‍ അനുകൂല പ്രമേയവും പാസാക്കി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ശശി തരൂരിനെ പിന്‍തുണയ്ക്കുന്ന കാര്യത്തില്‍ ഭിന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് പാമ്പാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
https://www.facebook.com/Malayalivartha