കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ രണ്ട് വിഷയങ്ങളിലും അനില്‍കുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.മെഡിക്കല്‍ ഡയറക്ടര്‍ നിയോഗിച്ച മൂന്നംഗ സമിതി മെഡിക്കല്‍ കോളെജിലെത്തി തെളിവെടുപ്പ് നടത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിലേയക്കും ആരോപണം നീണ്ട സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിനെ അന്വേഷണത്തിനായി നിയോഗിച്ചത്. തിരുവന്തപുരത്തെ ദത്ത് വിവദത്തില്‍ പ്രതികൂട്ടിലായ സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരമായിരിക്കുകയാണ് കളമശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റും, കുട്ടിയെ ദത്ത് കൊടുക്കലും. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളല്ല പരാതിക്കാര്‍ എന്നതും ശ്രദ്ധേയം. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന് മനസിലാക്കിയ നഗരസഭ ജീവനക്കാരിയാണ് വിഷയത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ രണ്ട് വിഷയങ്ങളിലും അനില്‍കുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചു. അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പെണ്‍കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്‍ തന്നെയാണെന്നാണ് പുറത്തു വരുന്ന വിവരം. 2022 ഓഗസ്റ്റ് 27നാണ് പെണ്‍കുട്ടിയുടെ ജനനം. സെപ്റ്റബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍. ഇതോടെ, കുട്ടി തൃപ്പൂണിത്തുറയിലുള്ള ദമ്പതികളുടെ പക്കല്‍ എങ്ങനെ എത്തിയെന്ന കാര്യത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത അനില്‍ കുമാര്‍ അറിയാതെ കുട്ടി മാതാപിതാക്കളില്‍ നിന്നും മറ്റൊരിടത്ത് എത്തില്ലെന്ന് നിഗമനത്തിലാണ് പോലീസും നില്‍ക്കുന്നത്.
ജനുവരി 31ന് ഉച്ചയ്ക്ക് 12.05ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതില്‍ അനുപ്രിയ ഹൗസില്‍ അനൂപ്കുമാര്‍സുനിത ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. വിവരങ്ങള്‍ എഴുതി നല്‍കിയ ജനന റിപ്പോര്‍ട്ടില്‍ ഐപി നമ്പര്‍ '137 എ' എന്നാണ് എഴുതിയിരുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമ്പോഴാണ് 'എ, ബി' എന്നു രേഖപ്പെടുത്താറുള്ളത്. ഈ നമ്പറില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് നഗരഭയിലെ ജീവനക്കാരി രഹ്ന ആശുപത്രിയിലെത്തി അന്വേഷിച്ചത്.
താന്‍ ലേബര്‍ റൂമില്‍ നേരിട്ടെത്തി നഴ്‌സുമാരോട് അന്വേഷിച്ചതില്‍ അനൂപ്കുമാര്‍ സുനിത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായ ഒരു പ്രസവവും അവിടെ നടന്നിട്ടില്ലെന്നാണ് നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എന്‍.രഹ്ന പരാതി നല്‍കിയത്. 2ന് മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രഹ്നയും മെഡിക്കല്‍ കോളജും നല്‍കിയ പരാതിയിലാണ് പൊലീസ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് വ്യക്തമായി. ഇതോടെ, കുട്ടിയെ ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഷാജു അറിയിച്ചിരുന്നു. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ദമ്പതികള്‍ക്ക് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ.അനില്‍കുമാറാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐപി നമ്പര്‍ തരപ്പെടുത്തിയതും അനില്‍കുമാറാണ് എന്നതിന്റെ തെളിവുകളും ലഭിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിനെതിരായ കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭ ജീവനക്കാരിക്കും വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് അനില്‍കുമാര്‍ വ്യക്തമാക്കിയതും വിവാദമായിരുന്നു. തന്നെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അനില്‍കുമാര്‍ ആരോപിച്ചിരുന്നു.
ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ആവശ്യമാണ് വേണ്ടപോലെ പരിഗണിക്കണമെന്ന് അനില്‍കുമാറിനോട് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനന്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചെന്നാണ് അനില്‍കുമാര്‍ പറയുന്നത്. അതുകൊണ്ട് തിരിക്കിട്ട് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. വ്യജ സര്‍ട്ടിഫിക്കറ്റ് വിഷയം പുറത്തായതിന് ശേഷം അനില്‍കുമാര്‍ സൂപ്രണ്ടിന്റെ കാലില്‍ വീണ് കരയുന്ന സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തു വിട്ടു.
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട വ്യക്തിക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന് കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ എത്തിയിരുന്നെന്നും അത് വാങ്ങിച്ചിരുന്നെന്നും മന്ത്രി വീണാ ജോര്‍ജ്ജും പറഞ്ഞിരുന്നു. എന്നാല്‍ വ്യാജമായ രീതിയില്‍ നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റ് മന്ത്രിയുടെ സ്റ്റാഫിന് വേണ്ടിയല്ലെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത.കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമായി തുടരുകയാണ്. കുട്ടിയെ ഇപ്പോള്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ ദത്ത് നടപടികളിലേക്ക് കടക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സമിതി വ്യക്തമാക്കി. പെണ്‍കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്‍ തന്നെയെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെണ്‍കുട്ടിയുടെ ജനനം. സെപ്റ്റംബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ജുഡീഷ്യല്‍ അന്വേഷണവും സൂപ്രണ്ടിന്റെ രാജിയും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല സത്യഗ്രഹ ആരംഭിച്ചിരിക്കുകയാണ്. സംഭവത്തെ കുട്ടികളെ വില്പന നടത്തുന്ന ലോബിയുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം ലക്ഷ്യമിടുന്നത്. തൃപ്പുണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തൃപ്പുണിത്തുറ വടക്കേക്കോട്ട സ്വദേശികളായ ദമ്പതികള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് അറിയിക്കുന്നത്. ആറ് മാസം പ്രായമായ കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്നാണ് സി.ഡബ്ല്യൂ.സി. കണ്ടെത്തല്‍.
നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍, ദമ്പതികളും കേസില്‍ പ്രതികളാവും. മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍ കുമാറിന് പുറമേ കൂടുതല്‍പ്പേര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടും.കുട്ടിയെ ദത്തെടുത്ത ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി കുഞ്ഞിനെ തിരികെയേല്‍പ്പിക്കാനുള്ള നടപടികളുമായാണ് സി.ഡബ്ല്യൂ.സി. മുന്നോട്ട് പോകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ വില്പന നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.
കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി അനൂപിന്റെ സഹോദരനാണ് സിഡബ്ല്യൂസിക്ക് മുന്നില്‍ കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരിയായ അച്ഛനമ്മമാര്‍ നല്‍കിയ മേല്‍വിലാസവും ഫോണ്‍ നമ്പറും തെറ്റാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ആറിനാണ് തൃപ്പൂണിത്തുറ സ്വദേശികള്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
തൃപ്പൂണിത്തുറ സ്വദേശികളുടെ കൈയ്യില്‍ കുട്ടി എങ്ങനെയെത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പോലീസും സിഡബ്ല്യൂസിയും അന്വേഷണം ഊര്‍ജ്ജിതമാക്കി. ദത്തെടുക്കല്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. അതേസമയം കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയിലുള്ളത്. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
വ്യജ ജനന സര്‍ട്ടിഫിക്കറ്റിനും ചോരകുഞ്ഞിനെ കൈമാറുന്നതിനും അനില്‍കുമാറിന്റൈ അറിവുണ്ടായിരുന്നെന്നാണ് അവസാനം കണ്ടെത്തിയിരിക്കുന്നത്. അനില്‍കുമാറിനോടൊപ്പം മറ്റാരെങ്കിലും ഇതില്‍ പങ്കാളിയായിട്ടുണ്ടോയെന്നറിയണമെങ്കില്‍ ഒളിവില്‍ പോയ രക്ഷിതാക്കളെന്ന് അവകാശപ്പെടുന്നവരെ കിട്ടേണ്ടതുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛനേയും അമ്മയേയും കണ്ടെത്തണമെങ്കിലും ഒളിവില്‍ പോയവരുടെ സഹായം വേണം. കാരണം പ്രസവ സമയത്ത് ആശുപത്രിയില്‍ അവര്‍ നല്കിയിരുന്ന വിലാസവും വ്യാജമായിരുന്നു. പോലീസും ആരോഗ്യ വകുപ്പും അന്വേഷണം നടത്തി യഥാര്‍ത്ഥ വിവരം പുറത്തു കൊണ്ടു വരുമെന്ന പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha