ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജനപങ്കാളിത്തം പോയിട്ട് പ്രവര്‍ത്തകരുടെ വേലിയേറ്റം പോലുമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ്പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചെന്നൊരു സംശയം. ചിലര്‍ക്ക് പക്ഷെ, സംശയമല്ല അവരങ്ങ് ഉറപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജനപങ്കാളിത്തം പോയിട്ട് പ്രവര്‍ത്തകരുടെ വേലിയേറ്റം പോലുമില്ലെന്ന് അടുത്തിടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.
നവകേരള സദസ്സിനും പിന്നീട് നടത്തിയ മുഖാമുഖം പരിപാടിയിലും ആളുകള്‍ കുറവായിരുന്നു. ഭരണവിരുദ്ധ വികാരമാണ് ഇതിന് കാരണമെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിശക്തമായ പിണറായി വിരുദ്ധതയാണ് പ്രധാന കാരണം. മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും ജനത്തിന് സഹിക്കാനാകുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരോടും എന്തിന് മൈക്ക് ഓപ്പറേറ്റര്‍മാരോട് പോലും അദ്ദേഹത്തിന് കടുത്ത അസഹിഷ്ണുതയാണ്.
മറ്റുള്ളവര്‍ക്ക് മാതൃകയായേണ്ട മുഖ്യമന്ത്രി എന്തിനാണിങ്ങിനെ ദേഷ്യപ്പെടുന്നത്. നിസ്സാരകാര്യങ്ങള്‍ക്ക് പോലും അതുണ്ടാകുന്നു. അതേസമയം ചില സന്ദര്‍ഭങ്ങളിലുള്ള പ്രതികരണത്തിന് ജനം കയ്യടിക്കുന്നുമുണ്ട്. അതിനര്‍ത്ഥം ഏത് സാഹചര്യത്തിലാണ് ദേഷ്യം പ്രകടിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി സ്വയം മനസ്സിലാക്കുന്നില്ല എന്നാണ്. മകളുടെ കേസിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ മുഖഭാവം പെട്ടെന്ന് മാറും.
പേശികള്‍ വലിഞ്ഞ് മുറുകും. ചോദ്യം ചോദിക്കുന്നവനെ നോക്കി ദഹിപ്പിക്കും. ചാനലുകളിലൂടെ ഇതെല്ലാം ജനം കാണുന്നുണ്ട് എന്നതൊന്നും അദ്ദേഹത്തിനൊരു വിഷയമേയല്ല. ആളുകളെ പരമാവധി വെറുപ്പിക്കാന്‍ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാളുകളുള്ളൂ. പലപ്പോഴും പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ പ്രതികരിക്കുകയും ചെയ്യും. ആരോപണങ്ങളും കേസുകളും മുഖ്യമന്ത്രിക്കും മകള്‍ക്കും നേരെ വരുമ്പോള്‍ അദ്ദേഹം മാളത്തിലൊളിക്കുകയും ചെയ്യും .
അടുത്തകാലത്തായി ഇത് വളരെ പ്രകടവുമാണ്. ഭരണത്തിലും വ്യക്തിജീവിതത്തിലും ഇത്രയുമധികം ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായ മറ്റൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല. മക്കളെയും ഭാര്യയേയും മര്യാദയ്ക്ക് നിര്‍ത്തുന്ന കാര്യത്തില്‍ പിണറായിയെ കണ്ട്പഠിക്കണം എന്നായിരുന്നു ഇടത് നേതാക്കള്‍ 2018 വരെ പറഞ്ഞിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മക്കളടക്കം നാണക്കേടുകള്‍ വരുത്തിവച്ചപ്പോഴും പിണറായിയുടെ ഭാര്യയോ മക്കളോ അത്തരത്തിലൊരു പേര്‌ദോഷം കേള്‍പ്പിച്ചിരുന്നില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പിണറായി മുഖ്യമന്ത്രി കസേരയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മകളോടുള്ള അന്ധമായ വാല്‍സല്യത്തില്‍ പിണറായി വിജയന്‍ അദ്ദേഹത്തിലെ മികച്ച നേതാവിനെ മറന്നെന്നാണ് അക്ഷേപം. ലാവ്‌ലിന്‍ കേസ് പോലും പാര്‍ട്ടി പറഞ്ഞതിനനുസരിച്ച് തീരുമാനം എടുത്തത് കൊണ്ട് ഉണ്ടായതാണ്. അതില്‍ നിന്ന് ഒരു രൂപ പോലും പിണറായി ഉണ്ടാക്കിയതായി എതിരാളികള്‍ പോലും പറയില്ല. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് മകള്‍ വീണാ വിജയന്‍ സ്റ്റാര്‍ട്ടപ് കമ്പനി ആരംഭിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന സ്പ്രിംഗ്ലര്‍ ഇടപാട് വിവാദമായതോടെയാണ് വീണയുടെ ഇടപെടലുകളെ പറ്റിയുള്ള വാര്‍ത്ത പുറത്തുവന്നത്. പിന്നീട് അതെല്ലാം കെട്ടടങ്ങിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലമായപ്പോഴേക്കും ആദ്യ ടേമില്‍ നടന്ന തീ വെട്ടിക്കൊള്ളകള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. തന്നെ എതിര്‍ക്കുന്നവര്‍ക്ക് നേരെ ഉറഞ്ഞുതുള്ളുന്ന പിണറായി സ്വപ്‌നയ്‌ക്കെതിരെ ഒരക്ഷരം ഇതുവരെ ഉരിയാടുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
അങ്ങനെ പിണറായിയുടെ ജനപ്രീതി കുറഞ്ഞു കുറഞ്ഞുവരുകയാണ്. പിന്നെ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. വി.എസിനെ പോലെ സമരസമായി മറുപടി പറയാന്‍ പിണറായിക്ക് അറിയാമെങ്കിലും പലപ്പോഴും അദ്ദേഹം കലിപ്പിലാകും. പുതുതലമുറയെ സി.പി.എമ്മില്‍ നിന്ന് അകറ്റുന്ന പ്രധാനകാര്യമാണിത്. ഇന്നത്തെ യുവത ആരുടെയും അടിമകളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, പരസ്പര ബഹുമാനം അവര്‍ ആഗ്രഹിക്കുന്നു. നേതാക്കളുടെ രോഷപ്രകടനം ആര്‍ക്ക് നേരെയായാലും യുവാക്കള്‍ സഹിക്കില്ല. മനുഷ്യത്വത്തിനാണ് അവര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ വിളവെടുപ്പ് നടത്താനാവാത്തതും അതുകൊണ്ടാണ്.
ഇങ്ങിനെ യുവാക്കള്‍, സ്ത്രീകള്‍, സ്വതന്ത്ര്യമായി ചിന്തിക്കുന്നവര്‍ തുടങ്ങി വലിയൊരു വിഭാഗം ജനതയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ചില സി.പി.എം നേതാക്കളും വെറുപ്പിച്ച് അകറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പരിപാടികളില്‍ പഴയ ജനകീയപങ്കാളിത്തമില്ലാത്തത്. അത് വലിയ നാണക്കേടാകുമല്ലോ, അത് മറയ്ക്കാന്‍ സി.പി.എം പല വിധപദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്.
കുടുംബശ്രീ, അങ്കണവാടി-ആശാ വര്‍ക്കാര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള കരാര്‍ ജീവനക്കാര്‍ എന്നിവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കും. അല്ലെങ്കില്‍ പണി പോകുമെന്നുറപ്പ്. അതുകൊണ്ട് ഒരു ദിവസത്തെ കൂലി പോയാലും വേണ്ടില്ല എന്ന് കരുതി പാവപ്പെട്ട സ്ത്രീകള്‍ പാര്‍ട്ടിയുടെ ജാഥകളിലും റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ ഇവരില്‍ പലരും സ്ഥലം വിടും.
ചിലര്‍ പരിപാടി സ്ഥലത്തെത്തി സെല്‍ഫിയെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിലോ, ഫേസ്ബുക്കിലോ ഇട്ടശേഷം സ്ഥലം കാലിയാക്കാറുമുണ്ട്. നേതാക്കള്‍ എന്തൊക്കെ പാലും തേനും ഒഴുക്കാമെന്ന് പറഞ്ഞാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട് സ്ത്രീകളോളം മറ്റാര്‍ക്കും അറിയില്ല. അവരൊപ്പം നില്‍ക്കണമെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കണം, ക്ഷേമപെന്‍ഷന്‍ സമയത്ത് കൊടുക്കണം, വെള്ളവും വൈദ്യുതിയും അടക്കമുള്ള നിരക്കുകള്‍ താങ്ങാവുന്നതാകണം. അല്ലാതെ എന്ത് കാട്ടിയിട്ടും രക്ഷയുണ്ടാവില്ല സഖാക്കളേ...
https://www.facebook.com/Malayalivartha