അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധവുമായി ഇറങ്ങുക രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെജരിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പിസിസി അദ്ധ്യക്ഷൻ അജയ് മാക്കൻ ചോദിച്ചിരുന്നത്.
അതിന് വേണ്ടി ഔദ്യോഗികമായി അജയ് മാക്കൻ കത്തും അയച്ചു. എന്നാൽ അറസ്റ്റ് ചെയ്തപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധിച്ചതും കോൺഗ്രസായിരുന്നു. എന്തായാലും പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചത് നന്നായെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കാരനാണെന്ന് ബോധ്യമായിട്ടും പിണറായി വിജയനെ എന്തിനാണ് രാഹുൽ ഗാന്ധി കൂടെ കൂട്ടുന്നത്?
കേരളത്തിൽ നിന്നുള്ള ജനപ്രതിനിധിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ എന്താണ് രാഹുൽ ഇതുവരെ ശബ്ദിക്കാതിരുന്നത്? അഴിമതിക്കെതിരെ മിണ്ടാതിരിക്കുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അഴിമതി ആരോപണം നേരിടുന്ന രാഹുൽ ഗാന്ധി അഴിമതിക്കാരുമായി ചേർന്നുണ്ടാക്കിയ സഖ്യമാണ് ഐൻഡി മുന്നണി. നിലനിൽപ്പിനു വേണ്ടിയുള്ള ഈ മുന്നണി ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമായി മാറും. എല്ലാ അഴിമതിക്കാർക്കും തടവറ ഉറപ്പാണ്. അതാണ് മോദി ഗ്യാരൻ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
https://www.facebook.com/Malayalivartha