കമൽഹാസനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനവുമായി ഹിന്ദു മഹാസഭ

തമിഴ് നടൻ കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന കമലിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദു മഹാസഭയുടെ വധഭീഷണി. കമല്‍ ഹാസനേയും അദ്ദേഹത്തെപ്പോലെയുള്ളവരേയും ഒന്നുകില്‍ വെടിവെച്ചോ തൂക്കിയോ കൊല്ലണമെന്ന് ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മ പറഞ്ഞു. തമിഴ് മാസിക ആനന്ദ് വികടനില്‍ കമല്‍ഹാസന്‍ എഴുതിയ ലേഖനമാണ് ഹിന്ദു മഹാസഭയെ പ്രകോപിപ്പിച്ചത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് ഹിന്ദുമതവിശ്വാസത്തെ അധിക്ഷേപിച്ച് ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവര്‍ തങ്ങളുടെ തെറ്റിന് കൊല്ലപ്പെടുക തന്നെ വേണം. എന്നാലേ ഇക്കൂട്ടര്‍ പാഠം പഠിക്കൂവെന്നും അശോക് ശര്‍മ പറഞ്ഞു. കമല്‍ഹാസനും അദ്ദേഹത്തിന്റെ ബന്ധുക്കളും അഭിനയിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ ആവശ്യപ്പെട്ടു. അത്തരം സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് അഭിഷേക് പറഞ്ഞു.
എന്നാൽ കമൽഹാസന് പിന്തുണയുമായി നടന്മാരായ പ്രകാശ്‌രാജ്,അരവിന്ദ് സ്വാമി എന്നിവർ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു നാളുകളായി കമൽ ഹാസനും പ്രകാശ്‌രാജ് അടക്കമുള്ളവരുടെ ആരോപണങ്ങളിൽ സംഘപരിവാർ സംഘടനകൾ അതൃപ്തരാണ്. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരങ്ങൾ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha