ഗുജറാത്തിൽ വിശാല സഖ്യത്തിൽ വിജയം കണ്ട് കോൺഗ്രസ്സ്; ചോദ്യ ശരങ്ങളുമായി ബിജെപി

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് കോൺഗ്രസ്സ്. കഴിഞ്ഞ കുറെ വർഷങ്ങളായി ലഭിക്കാത്ത പിന്തുണ ഗുജറാത്തിൽ നേടാനായതോടെ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വം. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തിയാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ഹാർദിക് പട്ടേലിന് പിന്നാലെ ജിഗ്നേഷ് മേവാനിയെയും സ്വന്തം പാളയത്തിലെത്തിച്ചതോടെ കൂടുതൽ യുവജന നേതാക്കളെ തങ്ങളുടെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സ്.
അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം. പട്ടേൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങൾക്കൊപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രാഹുലിനെതിരെ ചോദ്യ ശരങ്ങളുമായി രംഗത്തെത്തി. നർമദ അണക്കെട്ട് പദ്ധതി, യുപിഎ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിനു നൽകിയ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രിയും ഗുജറാത്തിൽ എത്തിയിരുന്നു.
സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള ജന്‍ അധികാർ മഞ്ച് നേതാവ് പ്രവീൺ റാമുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടികാഴ്ച നടത്തി. പ്രവീൺ റാമിനെ കൂടെനിർത്തിയാൽ നാലരലക്ഷത്തോളം വരുന്ന യുവജീവനക്കാരെയും കരാർ ജീവനക്കാരെയും കൂടെക്കൂട്ടാമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
https://www.facebook.com/Malayalivartha