ഗുജറാത്ത് രാഷ്ട്രീയം കലങ്ങി മറിയുന്നു; വകുപ്പ് സംബന്ധിച്ച് തിരുമാനമായില്ലെങ്കിൽ രാജിവെക്കുമെന്ന് നിതിൻ പട്ടേൽ; നിതിൻ പട്ടേലിനെ സ്വാഗതം ചെയ്ത് ഹർദിക് പട്ടേൽ; സർക്കാർ രൂപീകരണ നീക്കവുമായി കോൺഗ്രസ്സ്

തെരഞ്ഞെടുപ്പിന് ശേഷവും ഗുജറാത്ത് രാഷ്ട്രീയം സജീവ ചർച്ചയാവുകയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രസഭ അധികാരമേറ്റെങ്കിലും വകുപ്പ് സംബന്ധിച്ച തർക്കമാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ ചൊടിപ്പിച്ചത്. മുൻപ് തനിക്കുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകൾ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാൽ, ഈ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നൽകിയില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. ഈ വകുപ്പുകൾ ലഭിച്ചില്ലെങ്കിൽ മൂന്നു ദിവസത്തിനകം രാജി വെക്കുമെന്ന നിലപാടിലാണ് നിതിൻ പട്ടേൽ.
മന്ത്രിസഭാ അധികാരമേറ്റെങ്കിലും ഇതുവരെ നിതിൻ പട്ടേൽ അധികാരം ഏറ്റെടുത്തിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ഏറെ അധ്യാനിച്ച വ്യക്തിയായ നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കില്‍ ബിജെപി വിട്ട് പട്ടേൽ വിഭാഗത്തിന്റെ ഒപ്പം ചേരാമെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി. നിതിൻ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാർദിക് പട്ടേൽ രംഗത്തെത്തിയതോടെ ബിജെപി പ്രതിസന്ധിയിലായി. എത്രയും വേഗം സമവായ ശ്രമവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
അതേസമയം നിതിൻ പട്ടേലിന് അർഹമായ സ്ഥാനം നൽകി തങ്ങളുടെ ഒപ്പം കൂട്ടാനുള്ള ശ്രമം കോൺഗ്രസ്സും നടത്തുന്നുണ്ട്. നിതിൻ പട്ടേൽ ബിജെപി വിട്ട് പുറത്തു വന്നാൽ അദ്ദേഹത്തെ പിന്തുണക്കുന്ന എം എൽ എ മാരുടെ സഹകരത്തോടെ സർക്കാർ രൂപീകരിക്കാമെന്ന കണക്കുകൂട്ടൽ കോൺഗ്രസ്സിനുണ്ട്. സംസ്ഥാനത്തെ പുതിയ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.
https://www.facebook.com/Malayalivartha