ത്രിപുരയ്ക്ക് കൈനിറയെ വാഗ്ദാനങ്ങളുമായി ബിജെപി; വിഷന്‍ ഡോക്യുമെന്റ് എന്ന് പേരിട്ട പ്രകടന പത്രിക ബിജെപി പുറത്തിറക്കി

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. 28 പേജുള്ള പ്രകടന പത്രികയ്ക്ക് വിഷന്‍ ഡോക്യുമെന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്.
ഇടത് മുന്നണി ഭരിക്കുന്ന ത്രിപുര തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായുള്ള പ്രവർത്തനങ്ങൾ വളരെ നേരത്തെ ആരംഭിച്ചിരുന്നു. മറ്റെവിടെയും കാണാത്തതരത്തിലുള്ള പ്രചാരണ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തത്. പ്രധാനമന്ത്രി അടക്കം ബിജെപിയുടെ ദേശീയ നേതാക്കൾ കൂട്ടത്തോടെ ത്രിപുരയിലെത്തി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയാണ്.
യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണടക്കം വലിയ വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും ജോലി, ബിരുദ തലത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, എല്ലാവര്‍ക്കും കുടിവെള്ളം, കുറഞ്ഞ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2000 രൂപ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധന എന്നിവയെല്ലാമാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് ഫെബ്രവരി 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിന് ഫലം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha