കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കുമെന്ന് തെലുങ്കുദേശം പാർട്ടി; മുന്നണി വിടുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് തെലുങ്കുദേശം പാർട്ടി. പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാരിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ടിഡിപി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
തെലുങ്ക് ദേശം പാര്‍ട്ടി മോദി മന്ത്രിസഭയിലെ മന്ത്രിമാരെ രാജിവെപ്പിച്ചതിന് പിന്നാലെ മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് നിലപാട് വ്യക്തമാക്കി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്‍ഡിഎ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഈ മാസം 16 ന് മുന്നണി വിടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ അനുനയന നീക്കവുമായി ധനമന്ത്രി അരുൺ ജെയ്‌റ്റിലി രംഗത്തെത്തിയെങ്കിലും പ്രത്യേക പദവി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ടിഡിപി നിലപാട് കടുപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha