യുപി പിടിക്കാനുള്ള രാഷ്ട്രീയ നീക്കവുമായി അമിത് ഷാ; ആശങ്കയോടെ അഖിലേഷ് യാദവും മായാവതിയും

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ ബിജെപി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ചതോടെ ബിജെപി പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ശക്തി കേന്ദ്രമായ യുപിയിൽ ഏറ്റ പരാജയത്തിന് ശക്തമായ തിരിച്ചടി നൽകാനാണ് ബിജെപിയുടെ ശ്രമം.
23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സമാജ്‍വാദി (എസ്പി) പാര്‍ട്ടി യോഗത്തിൽനിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടുനിന്നത് അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണെന്നാണു വിലയിരുത്തൽ. ഇത് എസ്പി-ബിഎസ്പി നേതാക്കൾക്ക് കനത്ത തിരിച്ചടിയായി.10 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒൻപതും എസ്പിക്കും ബിഎസ്പിക്കും ഓരോ സ്ഥാനാർത്ഥികളുമാണ് ഉള്ളത്.
311 അംഗങ്ങളുള്ള ബിജെപിക്കു എട്ടു പേരുടെ വിജയം ഉറപ്പാണ്. 47 അംഗങ്ങളുള്ള എസ്പിക്ക് അവരുടെ സ്ഥാനാർഥി ജയിക്കുമെന്നുറപ്പാണ്. എന്നാൽ 19 സീറ്റുകള്‍ മാത്രമുള്ള ബിഎസ്പിക്കു ജയിക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. അഖിലേഷ് യാദവിന്റെ പിന്തുണയ്ക്ക് പുറമെ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദൾ കൂടി പിന്തുണക്കുന്നതോടെ ജയിക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടൽ.
എന്നാൽ സമാജ്‍വാദി (എസ്പി) പാര്‍ട്ടി യോഗത്തിൽനിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടുനിന്നത് മായാവതിയുടെ കണക്കുകൂട്ടലുകൾ തകിടം മറിക്കുകയാണ്. എസ്പി-ബിഎസ്പി എംഎല്‍എമാരുടെ വോട്ട് ബിജെപിയ്ക്ക് പോകുമോ എന്ന കടുത്ത ആശങ്കയിലാണ് അഖിലേഷ് യാദവും മായാവതിയും.
https://www.facebook.com/Malayalivartha