എന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണ്; പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി ശോഭന ജോർജ്ജ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ്ജ്. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണ്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭന ജോർജ്ജ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. 1991 മുതൽ തുടർച്ചയായി മൂന്ന് തവണ ശോഭന ജോർജ്ജ് ചെങ്ങന്നൂരിൽ നിന്നും വിജയിച്ചു. 2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പിസി വിഷ്ണുനാഥിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അവർ പാർട്ടിയുമായി അകന്നത്.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാവണമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ടശേഷം പലതരത്തിലുള്ള ആക്ഷേപങ്ങളും തനിക്കെതിരെ ഉണ്ടായി. ഇനി അതിനാരും മുതിരില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പാണെന്നും ശോഭന വ്യക്തമാക്കി.
https://www.facebook.com/Malayalivartha