കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല; എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഭരണ പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാറുളളൂ; ഭരണ-പ്രതിപക്ഷ കക്ഷികളെ പരിഹസിച്ച് ജയശങ്കർ

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശന ബിൽ പാസാക്കിയ നടപടിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ലെന്നും കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളേജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇക്കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ കഠിനമായി വിമർശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ഇടതുപക്ഷ സർക്കാരിൻ്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിർക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങൾ. ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികൾ പ്രകടിപ്പിക്കാറുളളൂ. യുഡിഎഫ് സർക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കിൽ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിൽ കുറച്ചു കാര്യവുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അന്നത്തിനും പഞ്ഞമില്ല
സ്വർണത്തിനും പഞ്ഞമില്ല
മണ്ണിതിൽ കരുണയ്ക്കാണു പഞ്ഞം.. (പി ഭാസ്‌കരൻ എഴുതിയ പഴയൊരു സിനിമാ ഗാനം)
കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂർ അഞ്ചരക്കണ്ടി കരുണാ മെഡിക്കൽ കോളേജിനെയും വിദ്യാർത്ഥികളെയും കരകയറ്റാൻ കാരുണ്യപൂർവം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം.
ഇതേ വിഷയത്തിൽ നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ കഠിനമായി വിമർശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്.
ഇടതുപക്ഷ സർക്കാരിൻ്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിർക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങൾ. ഇത്തവണ അതുണ്ടായില്ല. കോൺഗ്രസും ലീഗും ബിജെപിയും കേരള കോൺഗ്രസ് മാണിഗ്രൂപ്പും പിസി ജോർജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബലറാം ചില തടസവാദങ്ങൾ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോൾ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സർവ്വസമ്മതമായി പാസായി.
എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികൾ പ്രകടിപ്പിക്കാറുളളൂ.
യുഡിഎഫ് സർക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കിൽ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിൽ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോൾ എൽഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.
കേരള സർക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാൻ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാർക്കും സദ്ബുദ്ധി തോന്നിക്കട്ടെ.
https://www.facebook.com/Malayalivartha