വിദേശത്തു പണിയെടുത്തു പൊലിയുന്ന പ്രവാസിയുടെ മൃതദേഹത്തോടെങ്കിലും ആദരവ് കാണിച്ചു കൂടെ ! ; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകൾ ഏകീകരിച്ചെങ്കിലും സാധാരണക്കാരന്റെ അവസ്ഥ ഇപ്പോഴും ദുരിതത്തിൽ തന്നെ

സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നൽകുന്ന നമ്മുടെ സ്വന്തം വൈമാനിക സർവ്വീസ്. ഇന്ത്യയുടെ സ്വന്തം വിമാന സർവ്വീസ് ആണെങ്കിലും എയര്‍ ഇന്ത്യയുടെ എന്നത്തേയും കറവ പശുക്കള്‍ വിദേശ ഇന്ത്യക്കാര്‍ തന്നെയാണ് പ്രത്യേകിച്ചും ഗൾഫ് പ്രവാസികൾ.
ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കും നടപടികൾക്കും ശേഷമായിരുന്നു വിദേശത്തു വച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കി നിശ്ചയിച്ചിരുന്ന അപരിഷ്കൃത രീതി നിര്‍ത്തലാക്കിയത്. എന്നാൽ അപ്പോഴും മറ്റുള്ള രാജ്യക്കാർ ചെയ്യും പോലെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്ന പ്രവാസികളുടെ ആവശ്യത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുകയായിരുന്നു.
അതേസമയം പുതിയ നിയമ പ്രകാരം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചുവെങ്കിലും സാധാരണക്കാരന് അത് വളരെ കൂടുതലാണ് എന്നതാണ് വാസ്തവം. ഇന്ത്യയില്‍ എവിടേക്കും പ്രായപൂര്‍ത്തായവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹമാണ് ഈടാക്കുക. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി തുക അഥവാ 750 ദിര്‍ഹം ഈടാക്കും. ഒമാനില്‍ നിന്ന് 160 റിയാല്‍, കുവൈത്തില്‍ പുതിയ നിരക്ക് അനുസരിച്ചു 12 വയസ്സിനു മുകളില്‍ ഉള്ള ആളുകൾക്ക് 175 ദിനാര്‍, സൗദിയില്‍ നിന്ന് 2200 റിയാല്‍, ബഹ്റൈനില്‍ നിന്ന് 225 ദിനാര്‍, ഖത്തറില്‍ നിന്ന് 2200 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ, കസ്റ്റംസ്, ഹാന്‍ഡ്ലിങ് ചാര്‍ജ് എന്നിവ കൂടി വരുമ്പോൾ മുന്‍പത്തെ നിരക്കിനേക്കാള്‍ കൂടുതല്‍ ആകും.
പ്രവാസികളുടെ തുടര്‍ച്ചയായ നിയമയുദ്ധത്തില്‍ സുപ്രീം കോടതി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിരക്ക് ഏകീകരിച്ചു കൊണ്ട് പ്രവാസികളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
അതേസമയം ഭാരവും ദൂരവും അനുസരിച്ചുള്ള ഉയർന്ന നിരക്കിൽ മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഇതുവരെ ഈടാക്കി വന്ന രീതിക്ക് മാറ്റം വേണമെന്ന് സന്നദ്ധ പ്രവർത്തകരും സംഘടനകളും ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു ഇതിനു പിന്നാലെയാണ് നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. നമ്മുടെ അയല്‍രാജ്യങ്ങളില്‍ വിദേശത്തു വച്ച് മരണപ്പെടുന്ന സ്വന്തം പൗരന്മാരുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുന്നുണ്ട്. നാടിനും, വീട്ടുകാര്‍ക്കും വേണ്ടി വര്‍ഷങ്ങളോളം വിദേശത്തു പണിയെടുത്തു പൊലിയുന്ന പ്രവാസിയുടെ മൃതദേഹത്തോടെങ്കിലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അര്‍ഹമായ ആദരവ് കാണിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha