മലയാളികളടക്കമുള്ള വിദേശിയർ ആശങ്കയിൽ; സൗദിയിൽ മൂന്നാം ഘട്ട സ്വദേശിവത്കരണം ഉറപ്പുവരുത്താൻ പരിശോധന ശക്തമാക്കുന്നു

സൗദിയിൽ മലയാളികളടക്കമുള്ള വിദേശിയരെ ആശങ്കയിലാഴ്ത്തുന്ന സ്വദേശിവത്കരണത്തിന്റെ അടുത്ത തലത്തിലേയ്ക്ക് സർക്കാർ കടക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യപാര മേഖലകളിലെ മൂന്നാം ഘട്ട സ്വദേശിവത്കരണം ഉറപ്പുവരുത്താൻ വിവിധ മേഖലകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതാത് മേഖല തൊഴിൽ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവികൾക്ക് കീഴിലാണ് പരിശോധന നടത്തുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സൂഖുകൾ, കച്ചവട സമുച്ചയങ്ങൾ, ഗോഡൗണുകൾ തുടങ്ങിയ സ്ഥലങ്ങൾ പരിശോധനയിലുൾപ്പെടും. വ്യാപാര മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ സെപ്റ്റംബറിലാണ് തൊഴിൽ മന്ത്രാലയം ആരംഭിച്ചത്. 12 കച്ചവട മേഖലകളിലാണ് മൂന്ന് ഘട്ടങ്ങളായി സ്വദേശീവത്കരണം നടപ്പിലാക്കിയത്. മൂന്നാം ഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. നേരത്തെ ഒന്നും രണ്ടും ഘട്ടങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി സ്വദേശികൾക്ക് തൊഴിലവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.
മെഡിക്കൽ വസ്തുക്കൾ, ഉപകരണങ്ങൾ, കെട്ടിട നിർമാണ സാധനങ്ങൾ, വാഹന സ്പെയർ പാർട്സ്, കാർപ്പറ്റുകൾ, ബേക്കറി ഇനങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളാണ് മൂന്നാം ഘട്ടത്തിലുൾപ്പെടുക. ആദ്യഘട്ടത്തിൽ ഓട്ടോമൊബൈൽ, മോട്ടോർ ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്ര കടകൾ, ഹോം ആൻറ് ഫർണിച്ചർ വിൽപന സ്ഥാപനങ്ങൾ എന്നിവയിലും രണ്ടാംഘട്ടത്തിൽ ഇലക്ട്രിക്കൽ, ഇലട്രോണികസ് ഉപകരണങ്ങൾ, വാച്ച്, കണ്ണട സ്ഥാപനങ്ങളിലുമാണ് സ്വദേശീവത്കരണം നടപ്പിലാക്കിയത്. നിയമം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ സെപ്റ്റംബർ മുതൽ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചിരുന്നു. വിവിധ മേഖലകളിൽ തീരുമാനം നടപ്പിലാക്കാത്ത നിരവധി സ്ഥാപനങ്ങൾ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha