അബൂദബിയിൽ ക്രെയിൻ തകർന്ന് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു

അബൂദബിയിൽ ക്രെയിൻ തകർന്ന് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അബുദാബിയിലെ നിർമ്മാണ സ്ഥലത്താണ് ക്രെയിൻ തകർന്ന് വീണത്. പരിക്കേറ്റവരെ അൽ റഹ്ബയിലെയും മഫ്റഖിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അബൂദബി റാഹ ബീച്ച് പ്രദേശത്ത് ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം ഉണ്ടായത്. ഏഷ്യക്കാരനാണ് മരിച്ചതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
30ഒാളം തൊഴിലാളികളായിരുന്നു അപകട സമയത്ത് നിർമാണ സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നപ്പോൾ ഇവർ നിലവിളിച്ചു. പത്ത് മിനിറ്റിനകം ആംബുലൻസ് സംഭവസ്ഥലത്ത് എത്തിയെന്നും ക്രെയിൻ തകർന്നുവീണ ശബ്ദം കേട്ട് വന്ന ദൃക്സാക്ഷികൾ പറഞ്ഞു. ക്രെയിനിന്റെ ഭാരം പൊക്കുന്ന ഭാഗം വഴിയിലേക്ക് തൂങ്ങിനിന്നുവെന്ന് ദൃക്സാക്ഷികൾ വിവരിച്ചു.
ക്രെയിനുകൾ പതിവായി അറ്റകുറ്റപ്പണി നടത്തണമെന്നും സുരക്ഷാ ഉപകരണങ്ങൾ നിർമാണ സ്ഥലത്ത് ലഭ്യമാക്കണമെന്നും എമർജൻസി ആൻഡ് പബ്ലിക് സേഫ്റ്റി ഡയറക്ടറേറ്റിലെ ദ്രുതകർമ വകുപ്പ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ഇബ്രാഹിം അലി ജലാൽ ആൽ ബലൂഷി കമ്പനികളോട് നിർദേശിച്ചു.
https://www.facebook.com/Malayalivartha