ഫ്രഞ്ച് സഹായത്തോടെ രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി
ഫ്രാന്‍സിന്റെ സഹായത്തോടെ സൗദി അറേബ്യ സമാധാനാവശ്യത്തിനുള്ള രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി ആദില്‍ ഹസന് അല്‍ജുബൈര്‍ വ്യക്തമാക്കി. രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സാല്‍മാന്റെ ഫ്രഞ്ച് സന്ദര്‍ശനത്തോടനുബന്ധിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമാപനത്തില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിവില്‍, സൈനിക വിമാനങ്ങളും സമാധാനാവശ്യത്തിനുള്ള ആണവനിലയം നിര്‍മിക്കാനുള്ള സഹായവും സൗദിക്ക് ഫ്രാന്‍സ് നല്‍കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറാന്‍ ഫാബിയോസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പത്തോളം കരാറുകള്‍ ഇരു രാജ്യങ്ങളും തത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമാധാനാവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്നതിനും സൈനിക സഹകരണം ശക്തമാക്കുന്നതിനും റഷ്യയുമായും കഴിഞ്ഞ വാരത്തില്‍ സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചിരുന്നു.
യമന്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഐക്യരാഷ്ട്രസഭ ജനീവയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമ്മേളനം ആദ്യ പടിയാണെന്നും സമാധാനത്തിനുള്ള നിരവധി പോംവഴികള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സൗദി എന്നും യമനിലെ നിയമാനുസൃത സര്‍ക്കാറിനോടൊപ്പമാണ് നിലകൊള്ളുക. യമനില്‍ സമാധാനപരവും സുസ്ഥിരവുമായ സര്‍ക്കാര്‍ നിലവില്‍ വരുന്നതു വരെ സഖ്യസേനയുടെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha